മദ്ധ്യകാലഘട്ടങ്ങളിലെ ഇസ്ലാമിക, ക്രിസ്ത്യൻ സംസ്കാരങ്ങളിലെ ധീരോദാത്തതയുടെ ചിഹ്നങ്ങളായിരുന്നു അശ്വാരൂഢരായ വീരയോദ്ധാക്കൾ. ചക്രവർത്തിമാരും, രാജാക്കന്മാരും, പ്രഭുക്കളും, പോരാളികളും അടങ്ങുന്ന ഒരു വലിയ സമൂഹം വലിയ യുദ്ധങ്ങളിലൂടെയും, സാഹസികമായ പോരാട്ടങ്ങളിലൂടേയും, പിടിച്ചടക്കലുകളിലൂടെയും രചിച്ച ചരിത്രങ്ങളിലേക്കും ആ കാലഘട്ടത്തിലെ ജീവിതത്തിലേക്കുമുള്ള കാഴ്ച്ചകളുടെയും അറിവുകളുടെയും ഒരു വാതിൽ തുറക്കുകയാണ് ലൂവർ അബുദാബി മ്യൂസിയത്തിൽ. ‘ഫുറുസ്സിയ്യ – ദി ആർട്ട് ഓഫ് ഷിവൽറി ബിറ്റ് വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ്’ (Furusiyya – The Art of Chivalry between East and West) എന്നു പേരിട്ടിരിക്കുന്ന ഈ പ്രത്യേക എക്സിബിഷൻ മധ്യകാലഘട്ടത്തിലെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്കാരിക രൂപീകരണത്തിന്റെയും സാംസ്കാരിക കൈമാറ്റങ്ങളുടെയും നേർകാഴ്ചയൊരുക്കുന്നു.
ലൂവർ അബുദാബി മ്യൂസിയത്തിൽ ഫെബ്രുവരി 19 മുതൽ മെയ് 30 വരെയുള്ള ഈ പ്രത്യേക പ്രദർശനം കലാസൃഷ്ടികളിലൂടെയും, അപൂര്‍വ്വമായ കൈയെഴുത്ത് പ്രതികളിലൂടെയും, പ്രബന്ധങ്ങളിലൂടെയും, ആയുധങ്ങളിലൂടെയും, പോരാളികളുടെ യുദ്ധമുന്നണിയിലെ വേഷവിധാനങ്ങളിലൂടെയും ഒരു കാലഘട്ടത്തിലെ വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകളെ സന്ദർശകർക്ക് മുന്നിലെത്തിക്കുന്നു. ആ കാലഘട്ടങ്ങളിലെ പടയോട്ടങ്ങളിലൂടെ ജന്മിത്വത്തിന്റെ ആവശ്യകതയായി ഉയർന്നുവന്ന തികഞ്ഞ അശ്വാഭ്യാസികളായ, പ്രത്യേകമായ മതവിശ്വാസത്തിലും, ധര്മ്മനിഷ്ഠകളിലും, ധാർമ്മിക മൂല്യങ്ങളിലും അടിയുറച്ച് നിലകൊണ്ടിരുന്ന പോരാളിവർഗ്ഗത്തിന്റെ കഥകൂടിയാണ് ഈ പ്രദർശനം.
ഈ സമ്പ്രദായങ്ങളുടെ ഉത്പത്തി, മദ്ധ്യകാലഘട്ടത്തിലെ യൂറോപ്പിലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും നിലനിന്നിരുന്ന മൂല്യങ്ങളുടെ വികാസവും പരിണാമവും മുതലായവയെല്ലാം രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തിലെ നൂറ്റിമുപ്പത്തിലധികം അത്യപൂർവമായ കലാസൃഷ്ടികളിലൂടെ ഈ പ്രദർശനത്തിൽ വിശകലനം ചെയ്യുന്നു. ലൂവർ അബുദാബിയും പാരീസിലെ ക്ലൂണി മ്യുസിയവും (Musée de Cluny) ചേർന്നാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ലൂവർ അബുദാബി മ്യൂസിയം സന്ദർശിക്കാനുള്ള ടിക്കറ്റിൽ തന്നെ ഫെബ്രുവരി 19, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ പ്രദർശനവും സന്ദർശകർക്ക് ആസ്വദിക്കാം.