മാലിന്യ സംസ്‌കരണം: നൂതന ആശയങ്ങൾ പങ്കുവെച്ച് തദ്ദേശ സ്ഥാപനങ്ങൾ

Kerala News

മാലിന്യ സംസ്‌കരണ രംഗത്ത് രാജ്യത്തിനു മാതൃകയാക്കാവുന്ന നൂതന ആശയങ്ങൾ പങ്കുവെച്ച് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഹരിത കേരളം മിഷൻ തലസ്ഥാനത്ത് സംഘടിപ്പിച്ച ‘ശുചിത്വ സംഗമം 2020’ ലാണ് വ്യത്തിയുള്ള കേരളം കെട്ടിപ്പടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പ്രദേശിക ശുചിത്വ മാതൃകകൾ അവതരിപ്പിക്കപ്പെട്ടത്.

പ്രാദേശിക സവിശേഷതകൾക്കിണങ്ങുന്ന സംസ്‌കരണ രീതികൾ അവലംബിച്ച് മാലിന്യ സംസ്‌കരണ രംഗത്ത് വിജയഗാഥ രചിച്ച 72 തദ്ദേശ സ്ഥാപനങ്ങളാണ് മാതൃകകൾ അവതരിപ്പിച്ചത്. അജൈവ മാലിന്യ ശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ രൂപീകരിച്ച ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളും ഹരിത കർമ്മ സേനയിലെ  അംഗങ്ങൾക്ക് മാന്യമായ വരുമാനം ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച വ്യത്യസ്തമായ പദ്ധതികളും സംഗമത്തിൽ ശ്രദ്ധ നേടി.

രാജ്യത്തിന് മാതൃകയാക്കാവുന്ന, കർഷകർക്ക് റോയൽറ്റി ഏർപ്പെടുത്തിയതുപോലെ വേറിട്ടതും വ്യത്യസ്തവുമായ നിരവധി പദ്ധതികളാണ് സംഗമത്തിൽ അവതരിപ്പിക്കപ്പെട്ടത്. പാഴ്ത്തുണിയിൽ നിന്ന് പൂച്ചട്ടി, ചകിരിച്ചോറിൽ നിന്ന് ജൈവ വളം തുടങ്ങി പുതുമയാർന്ന സംരംഭങ്ങളാണ് കണ്ണൂരിലെ ആന്തൂർ നഗരസഭയുടെ അവതരണത്തെ ശ്രദ്ധേയമാക്കിയത്. മാലിന്യപരിപാലനത്തിലെ ആമ്പല്ലൂർ മാതൃകയും ശ്രദ്ധിക്കപ്പെട്ടു. പ്ലാസ്റ്റിക്കിനെ തുരത്താനുള്ള കല്യാട് ഗ്രാമപഞ്ചായത്തിന്റെ ജനകീയ റെയ്ഡും മണമില്ലാ മാലിന്യ സംസ്‌കരണത്തിന്റെ കൊയിലാണ്ടി മോഡലും ചർച്ച ചെയ്യപ്പെട്ടു.

കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ ഹർത്താൽ ആയിരുന്നു സംഗമത്തിലെ വേറിട്ട ഒരു ആശയം. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, റസിഡന്റ് അസോസിയേഷനുകൾ, കുടുംബശ്രീ, ആശാ വർക്കർമാർ ഉൾപ്പെടെ ജനപങ്കാളിത്തത്തോടെ എല്ലാ വാർഡുകളും വൃത്തിയാക്കുന്നതാണ് ശുചിത്വ ഹർത്താലിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് ദുരുപയോഗം തടയുന്നതിന്,  തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാവിധി പാഴ്‌വസ്തു വ്യാപാരികൾക്കും ഹരിതകർമ്മസേനകൾക്കും കൈമാറുന്നതിന് സ്‌കൂൾ കുട്ടികളിൽ നിന്ന് തെരെഞ്ഞെടുത്ത സന്നദ്ധ സേനയായ ഗ്രീൻ പോലീസ് സംവിധാനവും ശ്രദ്ധ പിടിച്ചു പറ്റി. തിരുവനന്തപുരം കരംകുളം ഗ്രാമപഞ്ചായത്താണ് ഗ്രീൻ പോലീസ് ആശയം അവതരിപ്പിച്ചത്. തൈ നടാൻ തുണി സഞ്ചികൾ, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനായി ബോട്ടിൽ ബൂത്ത്, മാലിന്യത്തിൽ നിന്നും വൈദ്യുതി, ആരോഗ്യ സേന തുടങ്ങി മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന നിരവധി പ്രവർത്തനങ്ങൾ ശുചിത്വ സംഗമത്തിൽ ചർച്ച ചെയ്തു.