നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ സംഭാവനകൾ വഹിച്ച പങ്ക് വലുതാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനം കനകക്കുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
27 രാജ്യങ്ങളിൽ നിന്നായി 500 ലേറെ പേർ പങ്കെടുത്ത ഒന്നാം സമ്മേളനത്തിന്റെ ഭാഗമായി ഏഴു കമ്മിറ്റികൾ രൂപീകരിച്ച് സർക്കാരിന് ശുപാർശകൾ നൽകിയെന്നത് വളരെ അഭിനന്ദനാർഹമാണെന്ന് ഗവർണർ പറഞ്ഞു. ഈ ശുപാർശകളിൻമേൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ പ്രവാസികളിൽ വലിയ വിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതിന് തെളിവാണ് രണ്ടാം സമ്മേളനത്തിലെ വർധിച്ച പങ്കാളിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ പങ്കാളിത്തം സംസ്ഥാനത്തിന്റെ വികസനത്തിന് ഉറപ്പാക്കുന്നതിനും ലോക കേരള സഭ അവസരം ഉണ്ടാക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമെന്നും ഗവർണർ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതോടെ വികസന പ്രക്രിയയിൽ അത് ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.
നമ്മുടെ ആളുകൾ വിദേശ രാജ്യങ്ങളിൽ നേരിടുന്ന നിയമപരവും തൊഴിൽപരവും മനുഷ്യാവകാശം സംബന്ധിച്ചുമുള്ള വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകളെ സഹായിക്കാൻ ലോക കേരള സഭയ്ക്ക കഴിയുമെന്നും ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു.
നിരവധി മാതൃകകൾ ലോകത്തിന് സംഭാവന ചെയ്ത കേരളം ലോക കേരള സഭയ്ക്ക് രൂപകൊടുത്തുകൊണ്ട് മറ്റൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുകയാണെന്ന് ചടങ്ങിൽ മുഖ്യപ്രസംഗം നടത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇതൊരു നിക്ഷപ സംഗമമോ, നിക്ഷേപ കൂട്ടായ്മയോ അല്ല. മറിച്ച് യാതന അനുഭവിക്കുന്നവർ മുതൽ വലിയ നിക്ഷേപകരും സംരംഭകരും വരെ അടങ്ങിയ വൈവിധ്യമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, എം.എ യൂസഫലി, രവിപിള്ള, ഡോ. എം അനരുദ്ധൻ, ആസാദ് മൂപ്പൻ, മേതിൽ രേണുക തുടങ്ങിയവർ സംസാരിച്ചു. മേയർ കെ.ശ്രീകുമാർ, വി.കെ പ്രശാന്ത് എം.എൽ.എ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, റിട്ടയേർഡ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തിനുശേഷം കവി പ്രഭാവർമ്മ രചിച്ച്, ശരത് ഈണം പകർന്ന് ആശ ശരത് അവതരിപ്പിച്ച മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരമുണ്ടായിരുന്നു. തുടർന്ന് സൂര്യകൃഷ്ണമൂർത്തി ചിട്ടപ്പെടുത്തിയ അഗ്നി മെഗാ ഷോ അരങ്ങേറി.
47 രാജ്യങ്ങൾ; 351 പ്രതിനിധികൾ; ലോകകേരള സഭയ്ക്ക് തുടക്കം
47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിലുള്ളത്. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി, ജനവാസമുള്ള എല്ലാവൻകരകളുടെയും സാന്നിദ്ധ്യം ഇക്കുറിയുണ്ട്. 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു. വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള വർധിച്ച പ്രാതിനിധ്യം രണ്ടാം സമ്മേളനത്തെ കൂടുതൽ പ്രതീക്ഷാനിർഭരമാക്കുന്നു.
28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്. രണ്ടു വർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയുംചെയ്യുമെന്ന് വ്യവസ്ഥ പ്രകാരം 58 പേർ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് (ജനുവരി രണ്ട്) രാവിലെ ഒമ്പതിന് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ രണ്ടാം ലോക കേരള സഭാ നടപടികൾ ആരംഭിക്കും. പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചശേഷം സഭാ നടപടികളെ സംബന്ധിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപനം നടത്തും. സഭാ നേതാവ് കൂടിയായ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഒന്നാം ലോക കേരള സഭയെ തുടർന്നുള്ള നേട്ടങ്ങളുടെ വീഡിയോ അവതരണവും നടക്കും.
ഉച്ചയ്ക്ക് രണ്ടു മുതൽ ഏഴ് മേഖലാ യോഗങ്ങൾ നടക്കും. വൈകിട്ട് നാലിന് വിഷയാടിസ്ഥാനത്തിലുള്ള എട്ട് വിഷയ മേഖലാസമ്മേളനങ്ങൾ നടക്കും. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഇതിൽ പങ്കെടുക്കും. വൈകിട്ട് 5.30ന് ലോക കേരള സഭ നിയമ നിർമാണത്തിനുള്ള കരട് ബിൽ അവതരണം നടക്കും. രാത്രി 7.30 മുതൽ കലാപരിപാടികൾ നടക്കും.