ചൈനയിൽ കൊറോണാ വൈറസ് ബാധ പടരുന്നതിനോടൊപ്പം, ചൈനയ്ക്ക് പുറത്ത് ലോകവ്യാപകമായി രേഖപ്പെടുത്തുന്ന COVID-19 രോഗികളുടെ വർദ്ധനവ് ആശങ്കകൾക്കിടയാക്കുന്നു.
ദക്ഷിണ കൊറിയയിൽ നിന്ന് തിങ്കളാഴ്ച്ച മാത്രം പുതിയതായി 161 രോഗ ബാധകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 763 സ്ഥിരീകരിച്ച കൊറോണാ വൈറസ് ബാധകളുമായി ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും ഉയർന്ന COVID-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമായി ദക്ഷിണ കൊറിയ മാറി. ഇവിടെ കൊറോണാ ബാധയെത്തുടർന്നുള്ള മരണം ഇതുവരെ 7 ആയി.
ഒരാഴ്ചയ്ക്കിടെ 700 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്ത ദക്ഷിണ കൊറിയയിൽ ഭീതിപ്പെടുത്തുന്ന വേഗതയിലാണ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്. ദക്ഷിണ കൊറിയയിലെ ഡീഗൂ (Daegu) പട്ടണത്തിൽ നിന്നാണ് ഇപ്പോൾ പുറത്ത് വരുന്ന രോഗ വിവരങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിനിടെ നൂറിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ കൊറോണയെ തുടർന്നുള്ള മരണം 3 ആയി. രോഗം പടരുന്നത് തടയാനായി ലൊംബാർഡി പ്രവിശ്യയിലെ 10 പട്ടണങ്ങളും വെനെറ്റോ മേഖലയിലെ ഒരു പട്ടണവും പൂർണ്ണമായി ഒറ്റപ്പെടുത്തിയിരിക്കുകയാണ്.
സ്കൂളുകളും കോളേജുകളും മറ്റു സാംസ്കാരിക ഇടങ്ങളുമെല്ലാം അടഞ്ഞു കിടക്കുന്ന ഇവിടെ ഏതാണ്ട് 50,000 ത്തോളം പേർ വീടുകളിൽ തന്നെ തുടരുന്നു. കൊറോണാ വൈറസിന്റെ പെട്ടന്നുള്ള വ്യാപനംമൂലം വെനീസ് കാർണിവൽ, മിലാൻ ഫാഷൻ വീക്ക് മുതലായ പരിപാടികൾ റദ്ദാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിൽ ലോകാരോഗ്യ സംഘടനയും ആശങ്കരേഖപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമേഷ്യന് രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ COVID-19 രോഗ ബാധ റിപ്പോർട്ട് ചെയ്ത ഇറാനിൽ രോഗബാധയെത്തുടർന്നുള്ള മരണം 8 ആയി. ഞായറാഴ്ച്ച മാത്രം 15 പുതിയ രോഗബാധകൾ സ്ഥിരീകരിച്ചതോടെ ഇറാനിൽ ആകെ കൊറോണാ ബാധിതരുടെ എണ്ണം 43 ആയി. രോഗബാധയെത്തുടർന്ന് അയൽരാജ്യങ്ങളെല്ലാം ഇറാനിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളും ഇറാനുമായുള്ള തങ്ങളുടെ അതിർത്തികൾ താത്ക്കാലികമായി അടച്ചു കഴിഞ്ഞു.
Photo by Macau Photo Agency on Unsplash