ദിനംപ്രതി വർദ്ധിച്ചു വരുന്ന കൊറോണാ വൈറസ് ബാധിതരുടെ എണ്ണം ലോകവ്യാപകമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ COVID-19 പ്രതിരോധിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായുള്ള ആശങ്കകൾ ലോകാരോഗ്യ സംഘടന (WHO) പങ്കുവെച്ചു. ലോകരാജ്യങ്ങൾ വൈറസ് ബാധ തടയാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തിയില്ലെങ്കിൽ ഇപ്പോൾ പൊട്ടിപുറപ്പെട്ടിട്ടുള്ള രോഗബാധ ഏതു ദിശയിലേക്കും നീങ്ങാനുള്ള സാഹചര്യമുണ്ടെന്ന് ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus) അറിയിച്ചു.
ചൈനയ്ക്ക് പുറത്തുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെട്ടന്നുള്ള വർദ്ധനവ് ആശങ്കകൾക്കിടയാകുന്നതാണെന്ന് വെള്ളിയാഴ്ച്ച WHO പുറത്തിറക്കിയ മുന്നറിയിപ്പിൽ അദ്ദേഹം പറഞ്ഞു. കൊറോണാ വൈറസ് ബാധയുടെ ആദ്യ ആഴ്ചകളിലെല്ലാം രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയ്ക്ക് പുറത്ത് രോഗബാധിതരുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ലോകവ്യാപകമായി ഈ രോഗം തടയുന്നതിനു മതിയായ അവസരങ്ങൾ ഉണ്ടെന്നായിരുന്നു WHO നിലപാടെടുത്തിരുന്നത്.
എന്നാൽ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നും, ആഫ്രിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും, സൗത്ത് കൊറിയയിൽ നിന്നും വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തുടരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗബാധിതരുടെ വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്. ഈ രോഗബാധയുടെ വ്യാപനം ഒതുക്കി നിര്‍ത്താൻ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത് എങ്കിലും COVID-19 പ്രതിരോധിക്കുന്നതിനുള്ള ‘അവസരത്തിന്റെ ജാലകം’ അടഞ്ഞു വരുന്നതായി അദ്ദേഹം ജെനീവയിൽ നടന്ന പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
ഡിസംബറിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണാ വൈറസ് ബാധ നിലവിൽ ചൈനയിൽ മാത്രം 2,200-ൽ അധികം മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ചൈനയിൽ 75,500 പേർക്കും ലോകവ്യാപകമായി 27 രാജ്യങ്ങളിൽ നിന്ന് 1,150-ഓളം പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നും വെള്ളിയാഴ്ച്ച പുതുതായി 20 -ഓളം COVID-19 ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലെബനോൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആദ്യമായും ബുധനാഴ്ച്ച രോഗബാധ സ്ഥിരീകരിച്ച ഇറാനിൽ നിന്ന് 18 പുതിയ കേസുകളും COVID-19 -നുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തു. ഇറാനിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരണം 4 ആയതായി ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ടുകളുണ്ട്. സൗത്ത് കൊറിയയിൽ 204 പേർക്ക് COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ഇറ്റലിയിലെ ലൊംബാർഡി മേഖലയിലെ പത്തോളം ചെറു പട്ടണങ്ങളിൽ നിന്നായി 15 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ സ്കൂളുകൾ, കോളേജുകൾ മറ്റു പൊതു ഇടങ്ങൾ മുതലായവയെല്ലാം താത്കാലികമായി അടച്ചിരിക്കുകയാണ്.
ചൈനയ്ക്ക് പുറത്തുള്ള രോഗബാധിതരുടെ എണ്ണം ഇപ്പോഴും ആപേക്ഷികമായി കുറവാണെന്നു ഡോ. ടെഡ്രോസ് ഊന്നിപ്പറഞ്ഞു. എന്നാൽ പെട്ടന്നുള്ള രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവ് ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്നും, രോഗം പകരുന്നത് തടയാനുള്ള നടപടികൾ വിട്ടുവീഴ്ച്ചയില്ലാതെ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1 thought on “ലോകവ്യാപകമായി കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള സാധ്യതകൾ മങ്ങുന്നതായുള്ള ആശങ്കകൾ പങ്കുവെച്ച് WHO”
Comments are closed.