സ്മാർട്ട്ഫോൺ അധിഷ്ഠിത വാടക സൈക്കിൾ സേവനങ്ങൾ ദുബായിൽ ഇന്ന് മുതൽ

GCC News

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും(RTA) ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്ന കരീം(Careem) എന്ന കമ്പനിയും ചേർന്ന് ദുബായിൽ ആരംഭിക്കുന്ന സ്മാർട്ട്ഫോൺ ഉപയോഗിച്ച് വാടകയ്‌ക്കെടുക്കാവുന്ന 800-ഓളം സൈക്കിളുകളുടെ സേവനം ഫെബ്രുവരി 22, ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ ലഭ്യമാകും. സ്മാർട്ട്ഫോണിലെ കരീം ആപ്പ് ഉപയോഗിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് സൈക്കിളിലെ QR കോഡ് സ്കാൻ ചെയ്യാനും 5 അക്കങ്ങളുള്ള പിൻ ഉപയോഗിച്ച് സൈക്കിളിന്റെ പൂട്ടുതുറന്ന് വാടകയ്‌ക്കെടുക്കാനും കഴിയും.

കഴിഞ്ഞ ഏതാനം ദിനങ്ങളായി പച്ച നിറത്തിലുള്ള ഈ മനോഹരമായ സൈക്കിളുകൾ ആളുകളുടെ ഇടയിൽ വലിയ ആവേശവും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. 3,500 -ഓളം സൈക്കിളുകളോടെ യു എ ഇയിൽ 350 കേന്ദ്രങ്ങളിൽ നിന്നായി ഇത്തരം സൈക്കിളുകൾ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് ഇന്ന് മുതൽ 78 ഇടങ്ങളിൽ ഈ സേവനം ആരംഭിക്കുന്നത്. സുരക്ഷയ്ക്കായി സൈക്കിളിനു പരമാവധി മണിക്കൂറിൽ 30 കിലോമീറ്റർ വരെയുള്ള വേഗതയാണ് അനുവദിച്ചിരിക്കുന്നത്.

https://twitter.com/CareemUAE/status/1231094961749286912

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദുബായ് മറീന, ബർഷാ ഹൈറ്റ്സ്, ജുമൈറ ലേക്ക് ടവേഴ്സ്, ജുമൈറ ബീച്ച് റോഡ്, ദി ഗ്രീൻസ്, ദുബായ് വാട്ടർ കനാൽ, അൽ ഖുദ്റ, ദുബായ് മീഡിയ സിറ്റി മുതലായ ഇടങ്ങളിൽ സേവനങ്ങൾ ലഭ്യമാകും. പരിസ്ഥിതി സംരക്ഷണത്തിനും, സന്ദർശകരുടെയും നിവാസികളുടെയും ആരോഗ്യത്തിനു മുൻഗണന കൊടുക്കുന്നതിനുമാണ് ഈ സേവനകളിലൂടെ ലക്ഷ്യമിടുന്നതെന്ന് RTA അധികൃതർ വ്യക്തമാക്കി. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനും, പെട്രോളിയവുമായി ബന്ധപ്പെട്ട ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായകരമാകും.