രാജ്യത്ത് നാലു പേർക്ക് കൂടി COVID-19 കണ്ടെത്തിയതിനെത്തുടർന്ന് രോഗ പ്രതിരോധ നടപടികൾ സൗദി അറേബ്യ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഒൻപത് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് താത്കാലികമായി വിലക്കേർപ്പെടുത്തിയതായി ആഭ്യന്തരവകുപ്പ് അധികൃതർ അറിയിച്ചു. യു എ ഇ, കുവൈറ്റ്, ബഹ്റൈൻ, ലെബനൻ, സിറിയ, ഈജിപ്ത്, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് കൊറോണാ ബാധ വ്യാപിക്കുന്നത് തടയുന്നതിനായി യാത്രകൾ വിലക്കിയിരിക്കുന്നത്.
സൗദിയിലെ പൗരന്മാർക്കും, സൗദിയിൽ ഉള്ള പ്രവാസികൾക്കും ഈ രാജ്യങ്ങളിലേക്കും, ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും, കഴിഞ്ഞ 14 ദിവസങ്ങളായി ഈ രാജ്യങ്ങളിൽ കഴിഞ്ഞിരുന്നവർക്കും വിലക്ക് ബാധകമാണ്. അതീവ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള അടിയന്തര സ്വഭാവമുള്ള വിമാന സർവ്വീസുകൾ, ചരക്ക് ഗതാഗതം എന്നിവ ഒഴികെയുള്ള എല്ലാ വ്യോമ, ജല ഗതാഗതങ്ങളും താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ അടയ്ക്കുന്നു
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ചമുതൽ താത്കാലികമായി അടക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു വിദ്യാഭ്യാസ മേഖലയിലും, സ്വകാര്യാ മേഖലയിലും പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാക്കിയിട്ടുണ്ട്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ നടപടി തുടരും. ഈ കാലയളവിൽ വിദൂര വിദ്യാഭ്യാസ മാർഗങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ കൈകൊണ്ട് വരുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഖാത്തിഫ് പ്രവിശ്യയിലേക്കുള്ള യാത്രകൾ പൂർണ്ണമായും നിർത്തിവെച്ചു
ഇതിനിടെ രോഗബാധ കണ്ടെത്തിയ കിഴക്കൻ ഖാത്തിഫ് മേഖല സൗദി പൂർണ്ണമായും സുരക്ഷയുടെ ഭാഗമായി യാത്രകൾ നിർത്തിവെച്ച് കൊണ്ട് വേർപ്പെടുത്തിയിരിക്കുകയാണ്. രോഗബാധ പടരുന്നത് തടയുന്നതിനായി ഖാത്തിഫ് മേഖലയിലേക്കും തിരികെയുമുള്ള യാത്രകൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയാതായി സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
1 thought on “സൗദി അറേബ്യ: 9 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്; വിദ്യാലയങ്ങൾ താത്കാലികമായി അടച്ചു”
Comments are closed.