അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (Abu Dhabi Department of Education and Knowledge – Adek) സംഘടിപ്പിക്കുന്ന പത്താമത് അബുദാബി സയൻസ് ഫെസ്റ്റിവലിനു ജനുവരി 30, വ്യാഴാഴ്ച്ച തുടക്കമായി. ഫെബ്രുവരി 8 വരെ നീളുന്ന പത്തു ദിവസത്തെ ഈ ശാസ്ത്രമേള അബുദാബി കോർണിഷിലെ അൽ ബഹ്ർ (Al Bahar, Abu Dhabi Corniche), അൽ ഐനിലെ അൽ ജഹ്ലി പാർക്ക്(Al Jahili Park, Al Ain), അൽ ദഫ്റയിലെ സിറ്റി മാൾ (City Mall, Al Dhafra) എന്നീ മൂന്ന് വ്യത്യസ്ത വേദികളിലായാണ് നടക്കുന്നത്.
എൺപതിൽ അധികം യുവ പ്രതിഭകളാണ് അവരുടെ ശാസ്ത്ര അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും ഈ ശാസ്ത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്. നവീന ആശയങ്ങളെ പുതുതലമുറ എപ്രകാരം ഉൾക്കൊള്ളുന്നു എന്നറിയാൻ ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് ഈ മേഖലയിലെതന്നെ ഏറ്റവും വലിയ ശാസ്ത്രോത്സവത്തിലേക്ക് പ്രതീക്ഷിക്കുന്നത്. യുവ തലമുറയുടെ സര്‍ഗ്ഗശക്തി, നൂതന ചിന്താശേഷി, അന്വേഷണ ത്വരിത എന്നിവ ഊട്ടിയുറപ്പിക്കുക എന്നതാണ് 27,000 തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ ശാസ്ത്ര മേളയുടെ ലക്ഷ്യം. ശാസ്ത്രം, സാങ്കേതികവിദ്യ, നിർമാണപ്രവൃത്തികൾ, ഗണിതം, കല എന്നീ മേഖലകളിൽ യു എ ഇയുടെ വളർച്ചയ്ക്ക് ഇതിലൂടെ സംഭാവനകൾ നൽകാൻ ഇതിലൂടെ പുതുതലമുറയെ പ്രാപ്തരാക്കാൻ കഴിയും എന്ന് സംഘാടകർ വിശ്വസിക്കുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്കായി ഈ പ്രദർശനം ദിവസവും രാവിലെ 9 മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 4 മുതൽ രാത്രി 10 വരെയും ആയിരിക്കും. മറ്റു സന്ദർശകർക്ക് വാരാന്ത്യങ്ങളിൽ 2 മണി മുതൽ രാത്രി 10 വരെ ആയിരിക്കും.