വ്യവസ്ഥകൾക്ക് വിധേയമായി, അപേക്ഷിച്ച ദിനം തന്നെ യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുവാനും ലഭിക്കുവാനും ഉള്ള സംവിധാനങ്ങളൊരുക്കി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്. ഒരുപാട് പ്രവാസികൾക്ക് പ്രയോജനപ്രദമാകുന്ന ഈ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യാഴാച്ച നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ വേളയിലാണ് കോൺസൽ ജനറൽ പ്രഖ്യാപിച്ചത്.
നിലവിൽ അപേക്ഷിച്ച് 24 മണിക്കൂറിനകം തത്ക്കാൽ വ്യവസ്ഥയിൽ ലഭ്യമാക്കുന്ന സംവിധാനത്തെയാണ്, പ്രവാസികൾക്കായി ഒരു പടികൂടി മുന്നോട്ട് കടന്ന് അപേക്ഷിച്ച ദിനം തന്നെ പാസ്പോർട്ട് എന്ന സേവനത്തിലേക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കൈപിടിച്ചുയർത്തുന്നത്. ഇതിന്റെ ഭാഗമായി അടിയന്തിരാവശ്യങ്ങളിലുള്ള അപേക്ഷകൾ, ദിവസവും ഉച്ചയ്ക്ക് മുന്നേയായി BLS സേവനകേന്ദ്രങ്ങളിൽ ഇതിനായി നിശ്ചയിച്ച തുകയടച്ച് സമർപ്പിച്ചാൽ അന്നേ ദിവസം വൈകീട്ട് 6.30 ഓടെ പുതിയ പാസ്‌പോർട്ട് ലഭ്യമാക്കും. ജനുവരി 12, ഞായറാഴ്ച മുതൽ അൽ ഖലീജ് സെന്ററിലെ BLS സേവനകേന്ദ്രത്തിൽ ഈ സേവനത്തിനു തുടക്കമാവും.