അബുദാബി : ഉഷ്ണച്ചൂടിൽ നിന്നും തണുത്ത കാലാവസ്ഥയിലേക്ക് ജനജീവിതം മാറിയിരിക്കുന്ന വേളയിൽ പബ്ലിക് പാർക്കുകളിൽ തിരക്കേറുന്നു. കുടുംബത്തോടൊപ്പം പാർക്കിൽ പോയി ഭക്ഷണം കഴിക്കാനും, മൊബൈലിനോടും കംപ്യൂട്ടറിനോടും അല്ലാതെ കുറച്ചു സമയം പരസ്പ്പരം മിണ്ടിയും പറഞ്ഞുമിരിക്കാനും കൊതിക്കുന്നവരാണ് ഏറേ പേരും. സംസാരങ്ങൾ പോലും വാട്സാപ്പിലും, മൊബൈലിലും ഒതുങ്ങി നിൽക്കുന്ന ഈ കാലത്ത് ഇത്തരം ഒത്തുകൂടലുകൾ അനിവാര്യമാണെന്ന് കുടുംബത്തോടൊപ്പം വന്ന ചിലർ വിലയിരുത്തുന്നു. AC ജീവിതത്തിൽ നിന്നും അല്പം ശുദ്ധവായുവിനായി പാർക്കിൽ വന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
വർദ്ധിച്ചുവരുന്ന ആത്മസംഘര്‍ഷങ്ങളും, ജോലിഭാരവും, ഒറ്റപ്പെടലുകളും എല്ലാം സ്വാസ്ഥമായ ഈ അന്തരീക്ഷത്തിലും ഒത്തുകൂടലുകളിലും കുറഞ്ഞു വരുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമായി തോന്നുന്നു. കുട്ടികൾക്കായുള്ള പ്ലേ ഏരിയകളും വൃത്തിയായ ടോയ്ലറ്റ് സൗകര്യവും കുടുംബങ്ങൾക്ക് അവരുടെ നല്ല സമയങ്ങൾ പബ്ലിക് പാർക്കുകളിൽ ചിലവഴിക്കാൻ സൗകര്യമൊരുക്കുന്നു.