എളമക്കര ഭരതകലാമന്ദിരത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘ഭരതം മോഹനം’ മോഹിനിയാട്ട സന്ധ്യ ആസ്വാദകർക്ക് ഒരേ സമയം അപൂർവതയുടെയും നർത്തന മികവിന്റെയും ഒരു വിസ്മയാനുഭവമായി. പ്രശസ്ത നർത്തകരായ ഡോ. R.LV. രാമകൃഷ്ണൻ, സൗമ്യ സതീഷ് എന്നിവർ ചേർന്നാണ് ഡിസംബർ 26 നു വൈകിട്ട് 6 നു ഇടപ്പള്ളി, ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിൽ ഈ അവിസ്മരണീയ നൃത്തസന്ധ്യ ഒരുക്കിയത്. സാമ്പ്രദായികമായി സ്ത്രീകൾ മാത്രം അവതരിപ്പിക്കാറുള്ള മോഹിനിയാട്ടം, ഈ രണ്ട് അനുഗ്രഹീതരായ നർത്തകരുടെ ഒരുമിച്ചുള്ള മോഹിനിയാട്ടചുവടുകളിലൂടെ സ്ത്രീ പുരുഷ സമത്വത്തിന്റെ സുന്ദരമായ ഒരു ആവിഷ്കാരമായി മാറുകയായിരുന്നു.
സൗരാഷ്ട്രം രാഗത്തിൽ ചിട്ടപ്പെടുത്തിയ നർത്തന ഗണപതിയെ സ്തുതിക്കുന്ന ‘ശ്രീ ഗണപതിനി സേവിംപരാരേ‘ എന്ന ത്യാഗരാജ കൃതിയോടെ ആരംഭിച്ച ‘ഭരതം മോഹനം’, തുടർന്ന് ശ്രീ സ്വാതി തിരുന്നാൾ ചിട്ടപ്പെടുത്തിയ ‘ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം‘ എന്ന കീർത്തനാവിഷ്‌ക്കാരത്തിലൂടെ ആസ്വാദകരുടെ മുന്നിൽ രാമായണ കഥയുടെ ഒരു അത്ഭുതാരാമം തീർത്തു. തുടർന്ന് സൗമ്യ സതീഷ് അഷ്ടപദിയും R.LV. രാമകൃഷ്ണൻ ‘പിബരേ രാമരസം‘ എന്ന ഭക്തിരസ പ്രധാനമായ കൃതിയുടെയും നൃത്താവിഷ്കാരം അവതരിപ്പിച്ചു. ‘ഭരതം മോഹനം’ നൃത്താവിഷ്കാരം R.LV. രാമകൃഷ്ണൻ തന്നെയാണ് നിർവഹിച്ചത്.
ബിജീഷ് കൃഷ്ണ (വായ്പ്പാട്ട്), കലാമണ്ഡലം ചാരുദത്ത് (മൃദംഗം), രാഘുനാഥൻ ചാലക്കുടി (പുല്ലാങ്കുഴൽ), തൃശൂർ മുരളീകൃഷ്ണൻ (വീണ), ഹരി തൃപ്പൂണിത്തുറ (ഇടയ്ക്ക) എന്നിവർ പിന്നണിയിൽ ഈ നൃത്തസന്ധ്യക്ക് മികവേകി.
കേന്ദ്ര മന്ത്രി വി. മുരളീധരൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭരതം മോഹനത്തിന്റെ ആദ്യ പുരസ്കാരം 10001 രൂപയും കീർത്തി ഫലകവും ഡോ. R.LV. രാമകൃഷ്ണനു സമ്മാനിച്ചു. വിവിധ കലകളിലെ മികവുറ്റ പ്രകടനത്തിനാണ് ഈ പുരസ്കാരം ഏർപെടുത്തിയിരിക്കുന്നത്.
‘ഭരതം മോഹനം’ – സ്ത്രീ പുരുഷ സമത്വത്തിന്റെ സുന്ദരമായ ഒരു ആവിഷ്കാരം ആണെന്ന് ഈ നൃത്തപരിപാടിയ്ക്ക് ശേഷം ഡോ. R.LV. രാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് നൃത്ത്യതപോവനത്തിനോട് സംസാരിച്ചതിന്റെ മുഴുവൻ രൂപം താഴെ ഉള്ള ലിങ്കിൽ നിന്ന് കേൾക്കാം. ഈ പരിപാടിയുടെ ഫോട്ടോ ആൽബവും ഈ ലിങ്കിൽ ലഭ്യമാണ്.
Read More: ലാസ്യം, വിസ്മയം ‘ഭരതം മോഹനം’.
കടപ്പാട്: http://nrithyathapovanam.com