ദുബായിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്തംബര് 2020 മുതൽ ആരംഭിക്കുന്ന അടുത്ത അധ്യായന വർഷത്തിൽ ഫീസ് നിരക്കുകൾ മാറ്റമില്ലാതെ തുടരും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2020-2021 അധ്യായന വർഷത്തിൽ ഫീസ് നിരക്കുകൾ ഉയർത്താൻ അനുമതിയുണ്ടാകില്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട വാർഷിക വിദ്യാഭ്യാസ ചെലവുകളുടെ സൂചികയായ എഡ്യൂക്കേഷൻ കോസ്റ്റ് ഇൻഡക്സ് (ECI) ഇത്തവണ -2.35 ശതമാനമാണ്. ദുബായിയിലെ സ്വാകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പരിശോധനാ ഫലങ്ങളും വാർഷിക ECI നിലവാരവും അടിസ്ഥാനമാക്കിയാണ് അവയുടെ ഫീസ് ഓരോ വർഷവും പുതുക്കി നിര്ണയിക്കുന്നതിനുള്ള അനുമതി ലഭിക്കാറുള്ളത്. വാർഷിക ECI -2.35 ശതമാനം രേഖപ്പെടുത്തിയ അവസ്ഥയിൽ ഇത്തവണ ചില പ്രത്യേക വിദ്യാലയങ്ങൾ ഒഴികെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫീസ് നിരക്കുകൾ മാറ്റമില്ലാതെ തുടരും.