പ്രകൃതിയിലെ വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കാനായി നൂതനമായ ഒരു ഹരിത പദ്ധതിയുമായി അബുദാബി

GCC News

പ്രകൃതിയിലെ വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ വന്യ സസ്യങ്ങളുടെ ഒരു ദശലക്ഷം വിത്തുകൾ അബുദാബിയിലെ തരിശായി കിടക്കുന്ന 4 വ്യത്യസ്ത ഇടങ്ങളിൽ പാകാനൊരുങ്ങി എൻവിറോണ്മെന്റ് ഏജൻസി – അബുദാബി (EAD). നൂതനമായ ഈ ഹരിത പദ്ധതിയിലൂടെ തരിശായിമാറിയ പ്രകൃത്യാലുള്ള വാസസ്ഥാനങ്ങൾ പുനഃസ്ഥാപിക്കുക എന്നതും, വന്യ സസ്യങ്ങളുടെ വൈവിധ്യത്തെ നിലനിർത്തുക എന്നതുമാണ് ലക്ഷ്യമിടുന്നത്.

തരിശായി മാറികൊണ്ടിരിക്കുന്നതും, വന്യസസ്യങ്ങൾക്ക് വളാരാനുള്ള സാഹചര്യങ്ങളുള്ള ഇടങ്ങളുമാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വിത്തിനങ്ങളുടെ തിരഞ്ഞെടുപ്പിലും, അവ പാകുന്നതിലും പ്രദേശങ്ങളുടെ വിവിധ ഘടകങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്.

അൽ ഐനിലെ ജബൽ ഹഫീത് ദേശീയോദ്യാനത്തിലെ 5 കിലോമീറ്റർ നീളമുള്ള വാദി തുർബാത്ത് ഇത്തരത്തിൽ വന്യസസ്യങ്ങളുടെ വിത്തിനങ്ങൾ പാകുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അൽ ദഫ്‌റയിലെ അൽ ഹൊബ്ബാറ സംരക്ഷിത മേഖല, അൽ ഗാഥ സംരക്ഷിത മേഖല, അറേബിയൻ ഒറിക്സ് സംരക്ഷിത മേഖല എന്നിവയാണ് ഈ പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള മറ്റു ഇടങ്ങൾ. ഗാഫ്‌, അക്കേഷ്യ മുതലായ സസ്യങ്ങളുടെ വിത്തുകളാണ് ഈ പദ്ധതിയുടെ ഭാഗമായി വിതയ്ക്കുന്നത്.