പ്ലാസ്റ്റിക് കവറുകൾക്ക് ബദൽ മാതൃകയൊരുക്കി കോട്ടയം ജില്ല

Kerala News

സൗകര്യത്തിന്‍റെ പേരില്‍ ഉപയോഗിച്ചു തുടങ്ങുകയും പിന്നീട് മലിനീകരണ വേലിയേറ്റത്തിന് വഴിയൊരുക്കുകയും ചെയ്ത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒടുവില്‍ വ്യാപാര സ്ഥാപനങ്ങളുടെ പടിക്കു പുറത്താവുകയാണ്. കോട്ടയം ജില്ലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മുതല്‍ വഴിയോര കച്ചവട കേന്ദ്രങ്ങളില്‍വരെ തുണി സഞ്ചികളും പേപ്പര്‍ കവറുകളും തിരികെയെത്തിയിരിക്കുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ നിരോധനം നിലവില്‍ വന്ന പുതുവര്‍ഷ ദിനം മുതല്‍ ജില്ലയില്‍ ബദല്‍ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കാതായതോടെ വീട്ടില്‍നിന്നും പുനരുപയോഗിക്കാവുന്ന സഞ്ചികളുമായി കടയില്‍ പോകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇറച്ചിയും മത്സ്യവും വാങ്ങുന്നതിന് പാത്രങ്ങളുമായി എത്തുന്ന നിരവധി പേരുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. കോട്ടയം ചന്തയില്‍ തേങ്ങ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇപ്പോള്‍ വില്‍ക്കുന്നത് കട്ടിയുള്ള പേപ്പര്‍ കവറുകളിലാണ്. കോട്ടിയ പേപ്പറിനുള്ളിലിട്ട് നൂലുകൊണ്ട് കെട്ടിയാണ് പഴങ്ങളുടെ കച്ചവടം.

പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും തുണി സഞ്ചികള്‍ വില്‍പ്പനയ്ക്കുണ്ട്. പത്തു രൂപ മുതലാണ് വില. ജില്ലയില്‍ 15 പഞ്ചായത്തുകളിലും 16 കുടുംബശ്രീ യൂണിറ്റുകളിലും തുണി സഞ്ചികള്‍ നിര്‍മിക്കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ ഏറിയ സാഹചര്യത്തില്‍ തുണിസഞ്ചി നിര്‍മാണത്തില്‍ സ്വകാര്യ വ്യക്തികളും സജീവമാണ്. ഓര്‍ഡര്‍ അനുസരിച്ച് സഞ്ചികള്‍ തയ്യാറാക്കി നല്‍കുമെന്നുള്ള പരസ്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വ്യാപകമായുണ്ട്. ഉപഭോക്താക്കളില്‍ ഏറെപ്പേരും തുണി സഞ്ചിയുമായാണ് വരുന്നതെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍ പറയുന്നു. സഞ്ചി കൊണ്ടുവരാത്തവര്‍ക്ക് മിതമായ നിരക്കില്‍ തുണി സഞ്ചി വാങ്ങാം. സഞ്ചിയുമായെത്തുന്നവര്‍ക്ക് ബില്‍ തുകയില്‍ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്.

പലവ്യഞ്ജനങ്ങളുടെ പ്ലാസ്ററിക് കവറുകള്‍ കഴുകി വൃത്തിയാക്കി എത്തിച്ചാല്‍ ചില സ്ഥാപനങ്ങള്‍ ഇവ തിരിച്ചെടുക്കും. കോട്ടയം ചന്തയില്‍ ആവശ്യക്കാര്‍ ഏറെയുള്ള പച്ചക്കറി കിറ്റുകള്‍ക്കായി പ്ലാസ്റ്റിക്കിനു പകരം തുണി സഞ്ചി ഉപയോഗിക്കാനാണ് കച്ചവടക്കാരുടെ തീരുമാനം. മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ പേപ്പര്‍ കവറുകള്‍ ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ കമ്പോസ്റ്റബള്‍ കവറുകളാണ് (ചോളത്തിന്‍റെ സ്റ്റാര്‍ച്ചില്‍നിന്നും നിര്‍മ്മിക്കുന്നത്) ബദലായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിരോധനം കര്‍ശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ നടത്തിവരുന്നു. പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ജനുവരി 15 മുതല്‍ ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ഊര്‍ജ്ജിതമാക്കും.