മാലിന്യ സംസ്കരണമേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് കനകക്കുന്നിൽ നടക്കുന്ന സംഗമത്തിൽ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലെ ജനപ്രതിനിധികളും സംസ്ഥാന, ദേശീയ അന്തർദേശീയതല വിദഗ്ധരും ഉൾപ്പെടെ 1500ലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മാലിന്യ സംസ്കരണരംഗത്തെ മാതൃകകളും പ്ലാസ്റ്റിക്കിനു പകരമുള്ള ഉത്പന്നങ്ങളും ഉൾപ്പെടുത്തി പ്രദർശന-വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 15 മുതൽ പ്രദർശനവും 21, 22 തിയതികളിൽ ശില്പശാലയും നടക്കും.
21 ന് വൈകിട്ട് ശുചിത്വസംഗമം ശില്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.എൽ.എ.മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കേർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡും ശുചിത്വസംഗമത്തിൽ വിതരണം ചെയ്യും.
കനകക്കുന്നിലെ സൂര്യകാന്തിയിലാണ് പ്രദർശന-വിപണനമേള നടക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തിൽ ഇതിന് ബദലായുള്ള ഉത്പന്നങ്ങളും ഇത്തരം ഉത്പന്ന നിർമ്മാണ സാങ്കേതികവിദ്യയും പരിചയപ്പെടുത്തിയുള്ള 120 ഓളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. 15 ന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത വിഭവങ്ങളുമായി ഭക്ഷ്യമേളയും പ്രദർശന നഗരിയിലുണ്ടാവും.
ഹരിതകേരളംമിഷന്റെ ആഭിമുഖ്യത്തിൽ ശുചിത്വമിഷന്റെ സാങ്കേതിക നിർവഹണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തന മികവുകളുടെ അവതരണവും ദേശീയതലത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ അവതരണവും ശുചിത്വസംഗമത്തിൽ നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധർ പങ്കെടുക്കുന്ന വിവിധ വിഷയാധിഷ്ഠിത സെമിനാറുകൾ സംസ്ഥാനത്തിന് പുറത്തുള്ള മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ മികച്ച മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റൗണ്ട്ടേബിൾ കോൺഫറൻസ്, ശില്പശാല എന്നിവയും ശുചിത്വ സംഗമത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യവികസനം, മാലിന്യ സംസ്കരണവും ഉപജീവന മേഖലയും, മനോഭാവവ്യതിയാനവും ശീലവൽക്കരണവും, പുന:ചംക്രമണവും പുനരുപയോഗവും എന്നീ വിഷയങ്ങളിലാണ് പ്രധാന സെമിനാറുകൾ. സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്കരണരംഗത്തെ തുടർപ്രവർത്തനങ്ങളുടെ ആശയരൂപീകരണവും കർമ്മപരിപാടിയും ശുചിത്വസംഗമത്തിൽ തയ്യാറാക്കും.