കേരള പോലീസ് “യോദ്ധാവ്” എന്ന പേരിൽ ലഹരിമരുന്നുപയോഗത്തെ ചെറുക്കാനുള്ള മൊബൈൽ ഗ്രൂപ്പ് ആപ്പ് പുറത്തിറക്കി. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ “യോദ്ധാവ്” എന്ന ഈ അപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് സമർപ്പിച്ചു.
നാം പ്രതീനിധീകരിക്കുന്ന സമൂഹത്തിൽ ഒറ്റയ്ക്ക് എങ്ങിനെ തിന്മകൾക്കെതിരെ പോരാടും എന്ന ചിന്ത ദൂരെ നിർത്തി, ‘സമൂഹത്തിന്റെ ഒരു വലിയ ശതമാനം നമുക്ക് കൂടെയുണ്ട്’ എന്ന് ചിന്തിച്ചുകൊണ്ട് നമുക്ക് ചുറ്റും കാണുന്ന ലഹരി ഉപയോഗമോ, വിൽക്കുന്നവരെ കുറിച്ചുള്ള അറിവോ പൊലീസിന് നേരിട്ട് കൈമാറാൻ ഈ ആപ്പ്ളിക്കേഷനിലൂടെ സാധ്യമാകും. നമുക്ക് ചുറ്റും നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളോ, ഉപയോഗമോ ശ്രദ്ധയിൽ പെട്ടാൽ 999 59 66 666 എന്ന കേരള പോലീസിന്റെ ആന്റി നാർക്കോട്ടിക് ആർമി നമ്പറിലേയ്ക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയക്കാവുന്നതാണ്. ഇതിനു സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക വിഭാഗം ഉടൻ നടപടിയെടുക്കുന്നതായിരിക്കും എന്നും കേരള പോലീസ് പങ്കുവയ്ച്ചു. ഈ നമ്പറിലേക്കുള്ള അറിയിപ്പുകൾ ശബ്ദസന്ദേശമായോ, വീഡിയോ സന്ദേശമോ അല്ലങ്കിൽ എഴുത്ത് സന്ദേശമോ ആയി അയക്കാവുന്നതാണ്.
സന്ദേശങ്ങൾ എങ്ങിനെ അയക്കാം:
സന്ദേശങ്ങളിൽ മൂന്നു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം ; ആര്?, എവിടെ?, എപ്പോൾ? – ഈ മൂന്നു കാര്യങ്ങളും കൃത്യമായി നിങ്ങളുടെ സന്ദേശത്തിലുണ്ടായിരിക്കണം (ആര് , എവിടെ, എപ്പോൾ ലഹരി ഉപയോഗമോ, വില്പനയോ നടത്തുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം). അവിടെയുള്ള ലൊക്കേഷൻ നിങ്ങൾക്ക് പങ്കുവയ്ക്കാൻ കഴിഞ്ഞാൽ വളരെ നല്ലത്, ഓർക്കുക നിങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം.
സന്ദേശം അയക്കുന്ന ആളിന്റെ ഐഡന്റിറ്റി പൂർണ്ണമായും രഹസ്യമായിരിക്കും. ഈ സന്ദേശം വായിച്ചു നോക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വരെ സന്ദേശമയച്ച ആളിനെക്കുറിച്ച് അറിയാൻ സാധ്യമല്ലാത്ത വിധത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ‘യോദ്ധാവ്’ എന്ന വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ ഉപഭോക്താക്കൾ പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യേണ്ടതില്ല. മറ്റേതൊരു വാട്ട്സ്ആപ്പ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്.
നാം ഒരുമിച്ച് ചെറുക്കേണ്ട ഹാനികരമായ ഒരു വിപത്താണ് ലഹരിമരുന്ന് കച്ചവടവും അതിന്റെ ഉപയോഗവും. ഇതിൽ നിന്നും ലാഭമെടുക്കുന്നവർ സമൂഹത്തിലെ വലിയ ശതമാനമല്ല മറിച്ച് ഒരു ചെറിയ ശതമാനമാണ് ഇത്തരം കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും, അവരുടെ ലാഭത്തെയോ, അതിൽ പറയുന്ന കച്ചവട ശാസ്ത്രത്തെയോ നാം ഭയക്കേണ്ടതില്ല; ഭയക്കേണ്ടത് ബുദ്ധിമരവിച്ച് സമൂഹത്തിൽ അവരവരുടെ മനഃസാക്ഷിയ്ക്ക് നിരക്കാത്ത രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുഞ്ഞു മനസ്സുകളെയാണ്. അവരെ നേർവഴി കാണിച്ചു കൊടുക്കാൻ നാം ഏകമനസ്സോടെ വിമർശനങ്ങൾ മാറ്റിവയ്ച്ച് ഒറ്റകെട്ടായി നില്ക്കേണ്ടത് അനിവാര്യമാണ്.
അപ്പോൾ മറക്കേണ്ടാ, നിങ്ങളുടെ സുരക്ഷയ്ക്കായി 999 59 66 666 എന്ന നമ്പറിൽ “യോദ്ധാവ്” തയ്യാറാണ്.
1 thought on “‘യോദ്ധാവ്’ സമൂഹത്തിനു സമർപ്പിച്ചു – സമൂഹത്തിൽ നമുക്ക് ചുറ്റും കാണുന്ന ലഹരിയുടെ തിന്മയെ ഒറ്റക്കെട്ടായി നേരിടാം”
Comments are closed.