ഹജ്ജ് തീർത്ഥാടനത്തിന്റെ കാലയളവിൽ, പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സുരക്ഷയുടെ ഭാഗമായി, ജൂലൈ 19 മുതൽ ഓഗസ്റ്റ് 2 വരെ മിന, മുസ്ദലിഫ മുതലായ മേഖലകളിലേക്ക് പ്രത്യേക പെർമിറ്റ് ഉള്ളവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
ഈ നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരിൽ നിന്ന് ഇരട്ടി തുക പിഴയായി ഈടാക്കുന്നതാണ്.
കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾ ഉൾക്കൊള്ളുന്ന പ്രത്യേക പെരുമാറ്റച്ചട്ടം ഹജ്ജുമായി ബന്ധപ്പെട്ട് സൗദി സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ തയ്യാറാക്കിയിട്ടുണ്ട്. തീർത്ഥാടകർക്കിടയിൽ രോഗബാധ പകരുന്നതിനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പെരുമാറ്റച്ചട്ടം തയ്യാറാക്കിയിട്ടുള്ളത്.
ഹജ്ജ് തീർത്ഥാടനത്തിന് അനുവാദം ലഭിച്ചിട്ടുള്ളവർക്കും, തീർത്ഥാടനവുമായി ബന്ധപ്പെട്ട ജീവനക്കാർ, പ്രവർത്തകർ മുതലായ പ്രത്യേക അനുവാദം ലഭിച്ചിട്ടുള്ളവർക്കും മാത്രമായിരിക്കും ഈ മേഖലയിലേക്ക് പ്രവേശനം നൽകുക എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക പെർമിറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ്. ഈ മേഖലയിലേക്കുള്ള റോഡുകളിലെല്ലാം സുരക്ഷ ശക്തമാക്കുമെന്നും, അനധികൃതമായി പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക സുരക്ഷാ സംഘത്തെ വിന്യസിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.