അൽ ഐൻ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് 2022 നവംബർ 14-ന് ആരംഭിച്ചു. ഇതാദ്യമായി അൽ ഐൻ നഗരത്തിലെ അഞ്ച് ഇടങ്ങളിലായാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
നേരത്തെ ‘അൽ ഐൻ ബുക്ക് ഫെയർ’ എന്ന പേരിൽ നടത്തി വന്നിരുന്ന ഈ പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതൽ ‘അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ’ (AABF) എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ 2022 നവംബർ 14 മുതൽ നവംബർ 20 വരെയാണ് സംഘടിപ്പിക്കുന്നത്.
അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയം, സായിദ് സെൻട്രൽ ലൈബ്രറി, ഖസ്ർ അൽ മുവൈജി, ബൈത് മുഹമ്മദ് ബിൻ ഖലീഫ, യു എ ഇ യൂണിവേഴ്സിറ്റി എന്നിങ്ങനെ അഞ്ച് ഇടങ്ങളിലായാണ് AABF സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ അൽ ജിമി മാൾ, അൽ ഐൻ മാൾ, ബവാദി മാൾ എന്നിവിടങ്ങളിൽ AABF-ന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT), അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് AABF സംഘടിപ്പിക്കുന്നത്. പതിമൂന്നാമത് AABF-ന്റെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികളും, കലാ പരിപാടികളും അരങ്ങേറുന്നതാണ്.
അൽ ഐൻ ബുക്ക് ഫെസ്റ്റിവലിന് മുന്നോടിയായി നവംബർ 12-ന് അൽ ജാഹിലി ഫോർട്ടിൽ വെച്ച് ഗംഭീരമായ ഒരു സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു. AABF-ന്റെ ഭാഗമായി, പുസ്തകമേള നടക്കുന്ന കാലയളവിൽ ദിനവും, ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലെ അൽ ഐൻ സ്‌ക്വയറിൽ വെച്ച് കുട്ടികളുടെ കലാപരിപാടികൾ, സംഗീതപരിപാടികൾ, കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറുന്നതാണ്.
നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 13, ഞായറാഴ്ച സമാപിച്ചിരുന്നു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 2.17 ദശലക്ഷം സന്ദർശകർ പങ്കെടുത്തു.
WAM. Cover Image: A file photo from previous year’s Al Ain Book Fair by WAM.