റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
ഈ പൊതുമാപ്പ് പദ്ധതി സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) 2024 ഓഗസ്റ്റ് 1-ന് പ്രഖ്യാപനം നടത്തിയിരുന്നു.
വിസ കാലാവധി സംബന്ധിച്ച ലംഘനങ്ങൾ നടത്തിയിട്ടുള്ള റെസിഡൻസി, വിസിറ്റ് ഉൾപ്പടെ എല്ലാ വിഭാഗം വിസകളിലുള്ളവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. ഈ പദ്ധതിയുടെ വിശദാംശങ്ങൾ വിവരിച്ച് കൊണ്ട് ICP അബുദാബിയിൽ വെച്ച് കഴിഞ്ഞ ദിവസം ഒരു പ്രത്യേക പത്രസമ്മേളനം നടത്തിയിരുന്നു.
യു എ ഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് 2024 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള രണ്ട് മാസത്തെ കാലയളവിലാണ് ഈ പൊതുമാപ്പ് ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്.
റെസിഡൻസി കാലാവധി അവസാനിച്ചവർ, അനധികൃത റെസിഡൻസി വിഭാഗത്തിലുള്ളവർ, വിസ റദ്ദായവർ, വിസ കാലാവധി അവസാനിച്ച ശേഷവും യു എ ഇയിൽ തുടരുന്നവർ, തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടുള്ളവർ, യു എ ഇയിൽ ജനിച്ച വിദേശികൾ (അവരുടെ ജനനത്തീയതി മുതൽ നാല് മാസത്തിനകം ഈ വിവരം അധികൃതരുമായി രജിസ്റ്റർ ചെയ്യാത്തവർ) തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി, വിസ നിയമലംഘനങ്ങൾ വരുത്തുന്നവർ, 2024 സെപ്റ്റംബർ 1-ന് ശേഷം തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നവർ, യു എ ഇയിൽ നിന്നോ, ജി സി സി രാജ്യങ്ങളിൽ നിന്നോ നാട് കടത്തുന്നതിന് വിധിക്കപ്പെട്ടിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതല്ല.
ഈ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി അനധികൃതമായി രാജ്യത്ത് തുടരുന്നതിന് ചുമത്തുന്ന അഡ്മിനിസ്‌ട്രേറ്റീവ് പിഴ, എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് പിഴ, ഐഡന്റിറ്റി കാർഡ് പിഴ, തൊഴിൽ കരാർ ഇല്ലാത്തതിന് ചുമത്തുന്ന പിഴ, തൊഴിൽ കരാർ പുതുക്കാത്തതിന് ചുമത്തുന്ന പിഴ തുടങ്ങിയവ ഒഴിവാക്കി നൽകുന്നതാണ്. ഇതിന് പുറമെ വിസ, റെസിഡൻസി കാൻസലേഷൻ ഫീസ്, വർക് ഇന്ററപ്ഷൻ റിപ്പോർട്ട് ഫീസ്, ഡിപ്പാർച്ചർ ഫീസ്, റെസിഡൻസി, വിസ ഡീറ്റെയിൽസ് ഫീസ്, ഡിപ്പാർച്ചർ പെർമിറ്റ് ഫീസ് എന്നിവയും ഒഴിവാക്കുന്നതാണ്.
ഈ പദ്ധതി ഉപയോഗപ്പെടുത്തി കൊണ്ട് നിയമപരമായി യു എ ഇയിൽ നിന്ന് മടങ്ങുന്നവർക്ക് യു എ ഇയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതല്ല. ഈ പദ്ധതി പ്രയോജനപ്പെടുത്തിയശേഷം വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്ന വ്യക്തികൾ ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം പഴയ നിയമലംഘനങ്ങൾ, പിഴ എന്നിവ പുനഃസ്ഥാപിക്കപ്പെടുന്നതാണ്.
ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ICP-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിന് ശേഷം ഇവർക്ക് ഒരു അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിനായി ഒരു തവണ സേവനകേന്ദ്രത്തിൽ എത്തേണ്ടിവരുന്നതാണ്.
നിയമലംഘകർക്ക് അവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഒരു പുതിയ അവസരം നൽകുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
2024 സെപ്തംബർ 1 മുതൽ രണ്ട് മാസം വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ വിദേശികളുടെ യു എ ഇയിലേക്കുള്ള പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമങ്ങളിൽ ലംഘനം വരുത്തിയിട്ടുള്ള വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കുന്നതാണ്. പിഴയും, നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതിനും, നിയമലംഘകരെ ഒന്നുകിൽ അവരുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ അനുവദിക്കുന്നത് ഉൾപ്പെടെ, ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ICP ഏറ്റെടുക്കുന്നതാണ്.