യുഎഇ: ഡിസംബർ 31-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

GCC News

2024 ഡിസംബർ 31-ന് മുൻപായി വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു. 2024 ഡിസംബർ 25-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളിലെ വിദഗ്ധ പദവികളിൽ 2% സ്വദേശിവത്കരണം എന്ന വാർഷിക ലക്‌ഷ്യം നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കുന്നതാണ്. ഇത് നടപ്പിലാക്കാത്ത കമ്പനികൾക്ക് പിഴ ബാധകമാകുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വാർഷികാടിസ്ഥാനത്തിൽ 2 ശതമാനമെന്ന രീതിയിൽ (ഓരോ ആറ് മാസത്തെ കാലയളവിലും 1% വെച്ച്) ഉയർത്തുന്നത് സംബന്ധിച്ച് കൈക്കൊണ്ടിട്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.

യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന ഏതാനം മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്കും അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 ഡിസംബർ 31 വരെയാണെന്ന് MoHRE ഓർമ്മപ്പെടുത്തി. ഈ സമയപരിധിയ്ക്കുള്ളിൽ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ ഏറ്റവും ചുരുങ്ങിയത് ഒരു യു എ ഇ പൗരനെയെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കേണ്ടതാണെന്നും, ഇതിനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും MoHRE കൂട്ടിച്ചേർത്തു.

സ്വദേശിവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ 2024 ജനുവരി മുതൽ സ്വദേശിവത്കരണ നടപടികൾ ബാധകമാക്കിയിരുന്നു.

എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ 2024-ലും, 2025-ലും ഏറ്റവും ചുരുങ്ങിയത് ഒരു യു എ ഇ പൗരനെയെങ്കിലും തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കേണ്ടതാണ്. യു എ ഇയിലെ 20 മുതൽ 49 വരെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന 12000-ത്തിൽ പരം ഇടത്തരം സ്വകാര്യ സ്ഥാപനങ്ങൾ ഈ തീരുമാനപ്രകാരം സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരുന്നതാണ്.