ഇരുപത്തെട്ടാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഫെബ്രുവരി 21 മുതൽ ആരംഭിക്കും. 2024 ഫെബ്രുവരി 14-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരുപത്തെട്ടാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കുന്നതിനായി 2024 ഫെബ്രുവരി 14-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് കൾച്ചർ, സ്പോർട്സ് ആൻഡ് യൂത്ത് ഫോർ കൾച്ചർ അണ്ടർസെക്രട്ടറി H.E. സയ്യിദ് ബിൻ സുൽത്താൻ അൽ ബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്.
2024 ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെയാണ് ഇരുപത്തെട്ടാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ‘സംസ്കാരം, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിർമ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഒരുക്കുന്നത്.
34 രാജ്യങ്ങളിൽ നിന്നായി 847 പുസ്തക പ്രസാധകരാണ് ഇത്തവണത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രത്യേക അതിഥിയായി അൽ ദഹിരാഹ് ഗവർണറേറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സയ്യിദ് ബിൻ സുൽത്താൻ അൽ ബുസൈദി പത്രസമ്മേളനത്തിൽ അറിയിച്ചു.
മേളയുടെ ഭാഗമായി 44 സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നതാണ്. അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.
Cover Image: Oman News Agency.