ഇരുപത്തെട്ടാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഫെബ്രുവരി 21, ബുധനാഴ്ച ആരംഭിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ മിനിസ്റ്റർ ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് ഡോ. മുഹമ്മദ് സൈദ് അൽ മാമരിയുടെ അധ്യക്ഷതയിലാണ് മേള ഉദ്ഘാടനം ചെയ്തത്. ഒമാൻ മിനിസ്റ്റർ ഓഫ് ഇൻഫൊർമേഷനും, മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ പ്രധാന കമ്മിറ്റിയുടെ ചെയർമാനുമായ ഡോ. അബ്ദുല്ല നാസ്സർ അൽ ഹർറസി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം മേളയിൽ വെച്ച് ഒമാൻ യൂത്ത് എൻസൈക്ലോപീഡിയയുടെ പ്രകാശനം നടന്നു.
2024 ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെയാണ് ഇരുപത്തെട്ടാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ‘സംസ്കാരം, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിർമ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഒരുക്കുന്നത്.
34 രാജ്യങ്ങളിൽ നിന്നായി 847 പുസ്തക പ്രസാധകരാണ് ഇത്തവണത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നത്. ഏതാണ്ട് ആറ് ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഈ വർഷത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രത്യേക അതിഥിയായി അൽ ദഹിരാഹ് ഗവർണറേറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്. അൽ ദഹിരാഹ് ഗവർണറേറ്റിന്റെ സാംസ്കാരിക പൈതൃകം, ചരിത്രം എന്നിവ എടുത്ത് കാട്ടുന്ന ഒരു പ്രത്യേക പവലിയൻ ഇത്തവണത്തെ പുസ്തകമേളയുടെ പ്രത്യേകതയാണ്.
മേളയുടെ ഭാഗമായി 44 സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നതാണ്. അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.
Cover Image: Oman News Agency.