32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ അബുദാബി സ്പോർട്സ് കൗൺസിൽ ചെയർമാനും, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ഫൌണ്ടേഷൻ ചെയർമാനുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു. 2023 മെയ് 22, തിങ്കളാഴ്ചയാണ് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്‌ഘാടനം ചെയ്തത്.
ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിലെ മുഖ്യാതിഥിയായി തുർക്കിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഉദ്‌ഘാടനത്തിന് ശേഷം ബുക്ക് ഫെയർ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി H.H. ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ തുർക്കിയുടെ പവലിയൻ സന്ദർശിച്ചു.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്. 2023 മെയ് 22 മുതൽ മെയ് 28 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്
പതിനാലാം നൂറ്റാണ്ടിലെ അറബ് തത്വചിന്തകനായിരുന്ന ഇബ്ൻ ഖൽദൂനാണ് ഇത്തവണത്തെ അബുദാബി പുസ്തകമേളയിലെ സവിശേഷവ്യക്തിത്വം. ഈ പുസ്തകമേളയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ സാഹിത്യകാരന്മാർ, നോബൽ സമ്മാനജേതാക്കൾ, പണ്ഡിതർ, പുസ്തകപ്രസാധകർ മുതലായവർ പങ്കെടുക്കുന്നതാണ്.
സുസ്ഥിരത എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പുസ്തക പ്രസാധന മേഖലയിൽ നടപ്പിലാക്കുന്ന സുസ്ഥിര നയങ്ങളെക്കുറിച്ച് സന്ദർശകർക്ക് അറിവ് നൽകുന്നതിനുള്ള സെമിനാറുകൾ, പരിപാടികൾ എന്നിവ ഈ പുസ്തകമേളയിൽ അരങ്ങേറും.
32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിനോട് അനുബന്ധിച്ച് ലോഗോസ് ഹോപ്പ് എന്ന കപ്പലിൽ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള അബുദാബി അറബിക് ലാംഗ്വേജ് സെന്റർ 2023 മെയ് 18-ന് ഉദ്ഘാടനം ചെയ്തിരുന്നു.
ഇതിന് പുറമെ കൾച്ചറൽ ഫൌണ്ടേഷൻ, മനാരത് അൽ സാദിയത്, സോർബോൺ യൂണിവേഴ്സിറ്റി അബുദാബി, ന്യൂയോർക് യൂണിവേഴ്സിറ്റി അബുദാബി എന്നിവിടങ്ങളിലും 32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിനോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നതാണ്.
Cover Image: Abu Dhabi Media Office.