റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. റിയാദ് സീസൺ 2022 ആരംഭിച്ച ഒക്ടോബർ 21 മുതൽ നവംബർ 21 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഭാവനകൾക്ക് അതീതം’ എന്ന ആശയത്തിലൂന്നിയാണ് റിയാദ് സീസൺ 2022 ഒരുക്കിയിരിക്കുന്നത്.
ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് 2022 നവംബർ 22-ന് തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തിരുന്നു.

ബുലവാർഡ് വേൾഡ് തുറന്ന ശേഷം റിയാദ് സീസണിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.

1.2 കിലോമീറ്റർ നീളമുള്ള ബുലവാർഡ് വേൾഡ് സോണിൽ പത്ത് പവലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ബുലവാർഡ് വേൾഡ് ഒരുക്കിയിരിക്കുന്നത്.
2022 ഒക്ടോബർ 21-നാണ് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടിയായ റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ വെടിക്കെട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.
2022-ലെ റിയാദ് സീസണിൽ 15 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിനോദമേഖലയും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമൊരുക്കുന്നു.