ഡാക്കർ 2022 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിവരങ്ങൾ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO) എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു. SAMF, ASO എന്നിവർ ചേർന്ന് മെയ് 11-ന് സംയുക്തമായി സംഘടിപ്പിച്ച വിർച്യുൽ പത്രസമ്മേളനത്തിലാണ് നാല്പത്തിനാലാമത് ഡാക്കർ റാലിയുടെ തീയ്യതികൾ പ്രഖ്യാപിച്ചത്.
SAMF ബോർഡ് ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ, ഡാക്കർ ഡയറക്ടർ ഡേവിഡ് കാസ്റ്ററ എന്നിവർ വിർച്യുൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പത്രസമ്മേളനത്തിൽ പങ്ക് വെച്ച അറിയിപ്പ് പ്രകാരം, 2022 ജനുവരി 2 മുതൽ 14 വരെയാണ് നാല്പത്തിനാലാമത് ഡാക്കർ റാലി സംഘടിപ്പിക്കുന്നത്. തുടർച്ചായി മൂന്നാം വർഷവും സൗദിയിൽ വെച്ചാണ് ഡാക്കർ റാലി സംഘടിപ്പിക്കുന്നത്.
നോർത്ത് സെൻട്രൽ സൗദി അറേബ്യയിൽ സ്ഥിതിചെയ്യുന്ന ഹൈൽ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന രീതിയിലാണ് ഡാക്കർ 2022 റാലി തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മണൽപ്പരപ്പുകൾ നിറഞ്ഞതും, കൂടുതൽ ദക്ഷിണ ഭാഗത്തേക്ക് നീങ്ങിയതുമായ ഒരു പാതയാണ് 2022-ലെ റാലിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഹൈലിൽ നിന്ന് തെക്കുകിഴക്കൻ ദിശയിൽ നീങ്ങുന്ന ഈ പാത, ലോകത്തെ തന്നെ ഏറ്റവും വലിയ മണൽപ്പരപ്പുകളിലൊന്നായ റുബഉൽ ഖാലിയിലൂടെ (എംപ്റ്റി ക്വാർട്ടർ) കടന്ന് പോകുന്നതാണ്. ഭൂമിയിലെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥകളിലൊന്നിനോടോപ്പം, അസംഖ്യം മണൽക്കുന്നുകളുടെ സാന്നിദ്ധ്യവും റാലിയിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. നിരവധി മണൽക്കുന്നുകളുള്ളതിനാൽ കൂടുതൽ സങ്കീർണ്ണമായ പാതകളിലെ ശരാശരി വേഗത നിയന്ത്രിക്കുന്നതാണെന്ന് റാലി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റാലി ജിദ്ദയിൽ അവസാനിക്കുന്നതാണ്.
2020-ലെയും, 2021-ലെയും ഡാക്കർ റാലി മത്സരങ്ങൾ സൗദിയിൽ വെച്ചാണ് നടത്തിയത്. സൗദിയ്ക്ക് പുറമെ മറ്റു രണ്ട് രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തി നടത്താൻ ഉദ്ദേശിച്ചിരുന്ന 2021 ഡാക്കർ റാലി COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും സൗദിയിൽ വെച്ച് നടത്തുകയായിരുന്നു. പന്ത്രണ്ട് ഘട്ടങ്ങളിലായി ഏതാണ്ട് 7646 കിലോമീറ്റർ വരുന്ന അതികഠിനമായ പാതകളിലൂടെയാണ് 2021-ലെ ഡാക്കർ റാലി മത്സരങ്ങൾ സംഘടിപ്പിച്ചത്.
Cover Photo: A snapshot from Dakar Rally 2021, Saudi Press Agency.