ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതിയുടെ ആനുകൂല്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഓഗസ്റ്റ് 31-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2024 ജൂൺ 1 മുതൽ ഇത്തരം ഒരു പദ്ധതി ഖത്തറിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഈ പദ്ധതി 2024 ഓഗസ്റ്റ് 31-ന് അവസാനിക്കുമെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഈ പദ്ധതി 2024 സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ ഖത്തർ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ, ജി സി സി പൗരന്മാർ തുടങ്ങിയവർക്ക് നവംബർ 30-വരെ ഈ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്.
മൂന്ന് വർഷത്തിൽ താഴെയുള്ള കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴകൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്. 2024 സെപ്റ്റംബർ 1 മുതൽ ട്രാഫിക് പിഴതുകകളിൽ കുടിശിഖ വരുത്തുന്ന വ്യക്തികൾക്ക് അവ അടച്ച് തീർക്കാതെ ഖത്തറിൽ നിന്ന് മടങ്ങാൻ അനുമതിയുണ്ടായിരിക്കുന്നതല്ല എന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.