മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് അബുദാബി കോർണിഷിൽ 2022 ഡിസംബർ 9-ന് ആരംഭിച്ചു. യു എ ഇയിലെ വലിയ സാംസ്കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ.
എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദാണ് മേള ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ശേഷം അദ്ദേഹം മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ വേദിയിലെ വിവിധ ആകർഷണങ്ങൾ സന്ദർശിച്ചു.

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് 2022 ഡിസംബർ 9 മുതൽ ഡിസംബർ 18 വരെ നീണ്ട് നിൽക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT) ഈ മേള സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ ഈ മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണവിഭവങ്ങൾ, കുടുംബങ്ങൾക്കും, കുട്ടികൾക്കുമായുള്ള പ്രത്യേക വിനോദപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുടുംബ വിനോദങ്ങൾ, തത്സമയ പ്രകടനങ്ങൾ, കലാ അനുഭവങ്ങൾ, ആഗോള പാചകരീതികൾ, റീട്ടെയിൽ പോപ്പ്-അപ്പുകൾ എന്നിവ ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തുമെന്ന് DCT നേരത്തെ അറിയിച്ചിരുന്നു.
ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഈ മേളയിൽ കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന നിരവധി അനുഭാവക്കാഴ്ച്ചകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും രസകരമായ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇൻസ്പയർ സ്പേസ്, ത്രിൽ സോൺ, ഫുഡ് ഹബ്, ലൈവ് അരീന, ഷോപ്പിംഗ് ഡിസ്ട്രിക്റ്റ്, അമ്യൂസ്മെന്റ് പാർക്ക് എന്നിങ്ങനെ ആറ് വ്യത്യസ്ത സോണുകളോടെയാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. എല്ലാ സോണുകളിലും സ്ട്രീറ്റ് ഫുഡ് കൗണ്ടറുകൾ, ഭക്ഷ്യശാലകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് ഉൾപ്പടെയുള്ള വിവരങ്ങൾ https://www.motn.ae/ എന്ന വിലാസത്തിൽ ലഭ്യമാണ്. പ്രവർത്തിദിനങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) വൈകീട്ട് 4 മണിമുതൽ അർദ്ധരാത്രി വരെയും, വാരാന്ത്യങ്ങളിൽ (വെള്ളി, ശനി, ഞായർ) വൈകീട്ട് 4 മണിമുതൽ രാത്രി 2 മണി വരെയും മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.