അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2022 ഡിസംബർ 9 മുതൽ

featured UAE

അബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കാനിരിക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികൾ സംബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് 2022 ഡിസംബർ 9 മുതൽ ഡിസംബർ 18 വരെ നീണ്ട് നിൽക്കുമെന്ന് DCT നേരത്തെ അറിയിച്ചിരുന്നു.

ഇത്തവണത്തെ ഈ മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണവിഭവങ്ങൾ, കുടുംബങ്ങൾക്കും, കുട്ടികൾക്കുമായുള്ള പ്രത്യേക വിനോദപരിപാടികൾ എന്നിവ ഒരുക്കുമെന്ന് DCT അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുടുംബ വിനോദങ്ങൾ, തത്സമയ പ്രകടനങ്ങൾ, കലാ അനുഭവങ്ങൾ, ആഗോള പാചകരീതികൾ, റീട്ടെയിൽ പോപ്പ്-അപ്പുകൾ എന്നിവ ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തുന്നതാണ്.

എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും രസകരമായ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആറ് വ്യത്യസ്ത സോണുകളിളോടെയാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഒരുങ്ങുന്നത്. എല്ലാ സോണുകളിലും സ്ട്രീറ്റ് ഫുഡ് കൗണ്ടറുകൾ, ഭക്ഷ്യശാലകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

യു കെയിൽ നിന്നുള്ള ഹലാൽ ബർഗർ ജോയിന്റ് ‘പാറ്റി & ബൺ’ മേളയിലെ ഫുഡ് ഹബ്ബിൽ പോപ്പ് അപ്പ് കൗണ്ടർ ഒരുക്കുന്നതാണ്. യു കെയിൽ നിന്ന് തന്നെയുള്ള പ്രശസ്ത കേക്ക് പാർലർ ‘പെഗ്ഗി പോർഷെൻ’ മേളയിലെ ഷോപ്പിങ്ങ് ഡിസ്ട്രിക്റ്റിൽ തങ്ങളുടെ കൗണ്ടർ ഒരുക്കുന്നതാണ്.

ഓസ്‌ട്രേലിയയിൽ നിന്നുള്ള ‘ക്നാഫെഹ് ബേക്കറി’, യു കെയിൽ നിന്നുള്ള ട്രഫിൾ ബർഗർ തുടങ്ങിയവരും തങ്ങളുടെ രുചി വൈവിധ്യങ്ങളുമായി മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ഡിജിറ്റൽ ആർട്ട് ഇൻസ്റ്റലേഷനുകളുമായുള്ള മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഫൺ ഹൗസ്, ആഗോള ഫാഷൻ ബ്രാൻഡുകളെ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഇൻസ്പയർ സ്പേസ്, കുട്ടികൾക്കായുള്ള കോകോമെലോൺ അമ്യൂസ്മെന്റ് ഏരിയ തുടങ്ങിയവയും ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളാണ്.

ടിക്കറ്റ് ഉൾപ്പടെയുള്ള വിവരങ്ങൾ https://www.motn.ae/ എന്ന വിലാസത്തിൽ ലഭ്യമാണ്. പ്രവർത്തിദിനങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) വൈകീട്ട് 4 മണിമുതൽ അർദ്ധരാത്രി വരെയും, വാരാന്ത്യങ്ങളിൽ (വെള്ളി, ശനി, ഞായർ) വൈകീട്ട് 4 മണിമുതൽ രാത്രി 2 മണി വരെയും മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ. ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.