മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് അബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ മേള 2022 ഡിസംബർ 9 മുതൽ ഡിസംബർ 18 വരെയാണ് സംഘടിപ്പിക്കുന്നത്. യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ. ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുടുംബ വിനോദങ്ങൾ, തത്സമയ പ്രകടനങ്ങൾ, കലാ അനുഭവങ്ങൾ, ആഗോള പാചകരീതികൾ, റീട്ടെയിൽ പോപ്പ്-അപ്പുകൾ എന്നിവ ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തുന്നതാണ്. എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും രസകരമായ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആറ് വ്യത്യസ്ത സോണുകളിളോടെയാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ഒരുങ്ങുന്നത്.
ഇത്തവണ മേളയിലെത്തുന്ന സന്ദർശകർക്ക് ആവേശകരമായ റൈഡുകൾ, അതുല്യമായ പാചക അനുഭവങ്ങൾ, വിസ്മയിപ്പിക്കുന്ന ഇൻസ്റ്റാളേഷനുകൾ, തത്സമയ വിനോദപരിപാടികൾ, ചടുലമായ പ്രദർശനങ്ങൾ എന്നിവ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്നതാണ്. ജനങ്ങളുടെ ആവശ്യപ്രകാരം കുവൈറ്റിൽ നിന്നുള്ള മിയാമി ബാൻഡ് ഇത്തവണയും (ഡിസംബർ 9-ന്) പ്രകടനം നടത്തുന്നതാണ്. കഴിഞ്ഞ വർഷം ആസ്വദകർ തിങ്ങിനിറഞ്ഞ ഫെസ്റ്റിവൽ സദസ്സിൽ ഇവരുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
“ഓരോ വർഷവും വിപുലീകരിക്കുകയും, മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഈ മേള മേഖലയിലെ ആത്യന്തികമായ വിനോദോത്സവമായി തുടരുന്നു. 10 ദിവസം തുടർച്ചയായി മറക്കാനാകാത്ത വിനോദവും ആവേശവും ഉറപ്പായുും ഈ മേള പ്രദാനം ചെയ്യുന്നു.”, DCT അബുദാബിയിലെ ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി പറഞ്ഞു.
ടിക്കറ്റ് ഉൾപ്പടെയുള്ള വിവരങ്ങൾ https://www.motn.ae/ എന്ന വിലാസത്തിൽ ലഭ്യമാണ്. പ്രവർത്തിദിനങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) വൈകീട്ട് 4 മണിമുതൽ അർദ്ധരാത്രി വരെയും, വാരാന്ത്യങ്ങളിൽ (വെള്ളി, ശനി, ഞായർ) വൈകീട്ട് 4 മണിമുതൽ രാത്രി 2 മണി വരെയും മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
WAM