ഖത്തർ: രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്കുള്ള എൻട്രി പെർമിറ്റ് സംവിധാനം ആരംഭിച്ചു

GCC News

നിലവിൽ രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്കുള്ള (Exceptional Entry Permit) അപേക്ഷകൾ നൽകുന്ന സംവിധാനം ഓഗസ്റ്റ് 1 മുതൽ പ്രവർത്തനമാരംഭിച്ചു. ‘ഖത്തർ പോർട്ടൽ’ വെബ്സൈറ്റിലൂടെ രാജ്യത്തിനു പുറത്തുള്ളവർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതികൾക്കായി അപേക്ഷിക്കാവുന്നതാണ്.

രാജ്യത്തിനു പുറത്തുള്ള റെസിഡൻസ് വിസക്കാർക്ക് തിരികെ മടങ്ങുന്നതിനായുള്ള ‘Exceptional Entry Permit’ എന്ന താത്കാലിക സേവനം ‘ഖത്തർ പോർട്ടൽ’ വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 1 മുതൽ ലഭ്യമാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. https://portal.www.gov.qa/wps/portal/qsports/home എന്ന വിലാസത്തിൽ നിലവിൽ ഈ സേവനം ലഭ്യമാണ്. ഈ അപേക്ഷകളുടെ ഭാഗമായി പെർമിറ്റ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമായിരിക്കും ഖത്തറിലേക്ക് യാത്ര ചെയ്യാൻ കഴിയുക.

ഈ സേവനത്തിലൂടെ വ്യക്തികൾക്കും, പൊതുമേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങൾക്കും, രാജ്യത്തിനു പുറത്തുള്ള, QID-യുള്ള റസിഡന്റ് വിസകളിലുള്ളവരെ തിരികെ കൊണ്ടുവരുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഈ സംവിധാനത്തിലൂടെ QID, മൊബൈൽ നമ്പർ, വ്യക്തി വിവരങ്ങൾ എന്നിവ നൽകിയ ശേഷം പെർമിറ്റുകൾക്ക് അപേക്ഷിക്കാം.

എൻട്രി പെർമിറ്റ് അനുവദിക്കുന്നവർക്ക് ഇത് സംബന്ധിച്ച സന്ദേശം ഇമെയിലിലൂടെ ലഭിക്കുന്നതാണ്. യാത്ര വേളയിൽ ഈ പെർമിറ്റിന്റെ ഒരു പ്രിൻറ് കോപ്പി കൈവശം കരുതേണ്ടതാണ്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ 109 (ഖത്തറിനു അകത്ത് നിന്ന്) അല്ലെങ്കിൽ +974 44069999 (പുറത്തു നിന്ന്) എന്നീ നമ്പറുകളിൽ ലഭിക്കുന്നതാണ്.

നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാർക്ക് ഓഗസ്റ്റ് 1 മുതൽ ഏതാനം നിബന്ധനകൾക്ക് വിധേയമായി ഖത്തറിൽ തിരികെയെത്തുന്നതിന് അനുവാദം നൽകാൻ തീരുമാനിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) നേരത്തെ അറിയിച്ചിരുന്നു.