സൗദി: പൊതു മേഖലയിലെ മുഴുവൻ ജീവനക്കാരോടും ഓഗസ്റ്റ് 30 മുതൽ ഓഫീസുകളിൽ എത്താൻ നിർദേശം

GCC News

സൗദി അറേബ്യയിലെ പൊതു മേഖലയിലെ എല്ലാ ജീവനക്കാരോടും ഓഗസ്റ്റ് 30, ഞായറാഴ്ച്ച മുതൽ ഓഫിസുകളിൽ എത്താൻ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) നിർദ്ദേശം നൽകി. സൗദിയിലെ നിലവിലെ ആരോഗ്യ സാഹചര്യവും, ഓരോ നഗരങ്ങളിലെയും രോഗവ്യാപന സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഓഗസ്റ്റ് 22, ശനിയാഴ്ച്ച ഈ തീരുമാനം അറിയിച്ചത്.

തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പ്രതിരോധ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കുന്നതെന്ന് HRSD വ്യക്തമാക്കി.

ഇത് കൂടാതെ, ഏതാനം ജീവനക്കാർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ വിദൂര രീതിയിലൂടെ നടപ്പിലാക്കുന്നതിന് അനുവാദം നൽകുന്നതിന് ഓരോ വകുപ്പുകളിലും, വകുപ്പ് തലവന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ വകുപ്പുകളിലും 25 ശതമാനത്തിൽ കൂടുതൽ പേർക്ക് വർക്ക് അറ്റ് ഹോം അനുവദിക്കാൻ പാടില്ല എന്നും HRSD അറിയിച്ചു. രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള വിഭാഗം ജീവനക്കാർക്ക് വിദൂര രീതിയിലുള്ള പ്രവർത്തനം അനുവദിക്കുന്നത് തുടരും.