ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം: രാജ്യാതിർത്തികൾ തുറന്നു കൊടുക്കുന്നത് പ്രധാനമെന്ന് G20

GCC News

ആഗോള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ, ലോകരാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ തുറന്ന് കൊടുക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് G20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അഭിപ്രായപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 3, വ്യാഴാഴ്ച്ച ചേർന്ന G20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക സമ്മേളനത്തിലാണ് ഇത്തരം ഒരു അഭിപ്രായം രേഖപ്പെടുത്തിയത്.

“ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ഓരോ രാജ്യങ്ങളും തങ്ങളുടെ അതിർത്തികൾ തുറന്നു കൊടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ, സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും, COVID-19 ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാമെന്ന പ്രത്യാശ ഉയർത്തുന്നതിനും അത് സഹായകമാകും.”, G20 സമ്മേളനത്തിനു അധ്യക്ഷത വഹിച്ച് കൊണ്ട് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പ്രത്യാശ പങ്ക് വെച്ചു. കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ പരസ്പര സഹകരണവും, യോജിച്ചുള്ള പ്രവർത്തങ്ങളും തുടരാനും, ഭാവിയിലെ ഇത്തരം പ്രതിസന്ധികൾ നേരിടാനുള്ള രൂപരേഖകൾ തയ്യാറാക്കുന്നതിനും G20 മന്ത്രിമാർ ധാരണയായി.