ഒക്ടോബർ 1 മുതൽ 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

GCC News

ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ 12 രാജ്യങ്ങളിലെ 15 നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. രാജ്യത്തു നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി 2020 ഒക്ടോബർ 1 മുതൽ ഒമാനിലെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായുള്ള സുപ്രീം കമ്മിറ്റി അറിയിപ്പിനെത്തുടർന്നാണ്, തങ്ങളുടെ സേവനങ്ങൾ പുനരാരംഭിക്കാൻ സജ്ജമാണെന്ന് ഒമാൻ എയർ അറിയിച്ചത്.

യാത്രാ സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ മസ്കറ്റിൽ നിന്ന് കൊച്ചി, ഡൽഹി, മുംബൈ, ലണ്ടൻ, ഇസ്തംബൂൾ, ഫ്രാങ്ക്ഫുർട്, കെയ്റോ, ദുബായ്, ദോഹ, ദാർ എസ് സലാം, സാൻസിബാർ, കോലാലമ്പൂർ, മനില, ലാഹോർ, ഇസ്ലാമബാദ് എന്നിവിടങ്ങളിലേക്കാണ് ഒമാൻ എയർ സർവീസുകൾ നടത്തുന്നത്. ഇതിൽ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യൻ അധികൃതർ അനുമതി നൽകുന്നതിനനുസരിച്ചായിരിക്കുമെന്നും ഒമാൻ എയർ വ്യക്തമാക്കി. താമസിയാതെ തന്നെ കൂടുതൽ ഇടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.

യാത്രികർക്ക് സമ്പൂർണ്ണ സംരക്ഷണവും, ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും സർവീസുകൾ നടത്തുന്നത്. വിമാനത്താവളങ്ങളിലും, വിമാനങ്ങളിലും മാസ്കുകൾ നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു. ഓരോ സർവീസിനു ശേഷവും വിമാനങ്ങൾ അണുവിമുക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഒമാൻ എയർ വെബ്സൈറ്റ്, ട്രാവൽ ഏജന്റ്മാർ എന്നിവയിലൂടെ ടിക്കറ്റുകൾ ലഭ്യമാകുന്നതാണ്. ഒമാനിൽ നിന്ന് യാത്രയാകുന്നവർക്കുള്ള നിർദ്ദേശങ്ങൾ ഒമാൻ എയർ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.