യു എ ഇ: പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചതായി ICA

GCC News

സെപ്റ്റംബർ 24, വ്യാഴാഴ്ച്ച മുതൽ, യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പുനരാരംഭിച്ചതായി എമിറേറ്സ് ന്യൂസ് ഏജൻസി അറിയിച്ചു. പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ഈ ഘട്ടത്തിൽ ആരംഭിച്ചിട്ടില്ലെന്നും ICA അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 24-നാണ് എമിറേറ്സ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സാമ്പത്തിക മേഖലയിലും, വിനോദ സഞ്ചാര മേഖലയിലും ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള തീരുമാനം ICA നടപ്പിലാക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വിനോദസഞ്ചാര മേഖലയിലും, വ്യോമയാന മേഖലയിലും നടപ്പിലാക്കിയിട്ടുള്ള മുൻകരുതൽ നടപടികൾ വിശകലനം ചെയ്ത ശേഷമാണ് ICA ഇത്തരം ഒരു തീരുമാനം കൈകൊണ്ടിട്ടുള്ളത്.

COVID-19 വ്യാപന സാഹചര്യത്തിൽ മാർച്ച് മാസം മുതൽ പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ ICA നിർത്തിവെച്ചിരിക്കുകയായിരുന്നു.