അബുദാബി: ആരോഗ്യ ഇൻഷുറൻസ് നിയമങ്ങളിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങളുടെ പിഴ ഒഴിവാക്കാൻ തീരുമാനം

UAE

ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ലംഘനങ്ങൾക്ക്, 2020 ഒക്ടോബർ 1-ന് മുൻപായി, എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. ഈ തീരുമാന പ്രകാരം ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട ‘#23/ 2005’ നിയമത്തിലെ ലംഘനങ്ങൾക്കുള്ള പിഴകളാണ് ഒഴിവാക്കിയിട്ടുള്ളത്. ഒക്ടോബർ 1-ന് മുൻപായി ജീവനക്കാർക്കിടയിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ഇളവുകൾ അനുവദിക്കുന്നത്.

അബുദാബിയിലെ വാണിജ്യ സ്ഥാപനങ്ങൾ, തങ്ങളുടെ ജീവനക്കാർക്ക് നിശ്ചിത തുകയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് നൽകുന്നത് ഉറപ്പാക്കുന്നതിനുള്ള നിയമമാണ് 2005-ലെ #23 നിയമം. തൊഴിലുടമകളോ, സ്പോൺസർമാരോ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് എങ്കിലും ഉറപ്പാക്കേണ്ടതാണ് എന്ന് നിഷ്‌കർഷിക്കുന്ന ഈ നിയമത്തിൽ വീഴ്ചകൾ വരുത്തുന്ന സ്ഥാപനകൾക്ക് പിഴ ചുമത്തുന്നതാണ്.

എമിറേറ്റിൽ 2020 ജൂലൈ 22-ന് മുൻപായി പ്രവർത്തന ലൈസൻസുകൾ റദ്ദാക്കിയ സ്ഥാപനങ്ങൾക്ക്, അത്തരം സ്ഥാപനങ്ങൾ നിലവിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നില്ലെങ്കിൽ, ഈ നിയമപ്രകാരമുള്ള പിഴതുകകൾ ഉണ്ടെങ്കിൽ, അവ ഒഴിവാക്കി നൽകുന്നതിനും DOH തീരുമാനിച്ചിട്ടുണ്ട്.