യു എ ഇയുടെ ചരിത്രപരമായ ചൊവ്വാദൗത്യവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് പോസ്റ്റ് ‘ഹോപ്-മാർസ് മിഷൻ 2020’ എന്ന പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കി. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ, യു എ ഇ സ്പേസ് ഏജൻസി എന്നിവരുമായി സംയുക്തമായാണ് എമിറേറ്റ്സ് പോസ്റ്റ് നാല് സ്റ്റാമ്പുകൾ അടങ്ങുന്ന ഈ പ്രത്യേക സ്മാരക ഷീറ്റ് പുറത്തിറക്കിയത്.
യു എ ഇയുടെ ചരിത്ര ദൗത്യത്തെ ആഘോഷിക്കുന്നതോടൊപ്പം രാജ്യത്തിൻറെ അനന്തമായ ബഹിരാകാശ അഭിലാഷങ്ങളുടെ പ്രതീകം കൂടിയാണ് ഈ സ്മാരക സ്റ്റാമ്പ് സെറ്റ്. നാല് സ്റ്റാമ്പുകൾ അടങ്ങിയ ഈ സ്മാരക സ്റ്റാമ്പ് സെറ്റിലെ രണ്ട് സ്റ്റാമ്പുകളിൽ സാറ്റലൈറ്റിന്റെ ദൃശ്യങ്ങളും, മറ്റു രണ്ട് സ്റ്റാമ്പുകളിൽ ഹോപ് ബാഹ്യാകാശപേടകത്തിന്റെ വിക്ഷേപണ നിമിഷങ്ങളിലെ ദൃശ്യങ്ങളുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
നാല് സ്റ്റാമ്പുകൾ (ഓരോന്നും 3 AED മൂല്യം) അടങ്ങിയ സോവനീർ സ്റ്റാമ്പ് ഷീറ്റ്, പ്രത്യേക പോസ്റ്റ്കാർഡ്, ഫസ്റ്റ് ഡേ കവർ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കുന്നത്.
സോവനീർ ഷീറ്റിന് 12 ദിർഹം, കാർഡിന് 5 ദിർഹം, ഫസ്റ്റ് ഡേ കവറിന് 13 ദിർഹം എന്നിങ്ങനെയാണ് ഇവയുടെ വില.
ഒരു ലക്ഷം സ്റ്റാമ്പുകളും, ആയിരം ഫാസ്റ്റ് ഡേ കവറുകളുമാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്. എമിറേറ്റ്സ് പോസ്റ്റ് ഓൺലൈൻ ഷോപ്പായ https://www.emiratespostshop.ae/ എന്ന വിലാസത്തിൽ നിന്നും, എമിറേറ്റ്സ് പോസ്റ്റ് സെൻട്രൽ കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകളിൽ നിന്നും ഒക്ടോബർ 20 മുതൽ ഇവ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2021 ഫെബ്രുവരിയിൽ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക.
അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യത്തിനു തുടക്കം കുറിച്ച് കൊണ്ട്, ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് ജൂലൈ 20-നു പുലര്ച്ചെ 1.58-നാണ് (യു.എ.ഇ സമയം) വിക്ഷേപണം ചെയ്തത്. ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 100 മില്യൺ കിലോമീറ്റർ പിന്നിട്ടതായി ഓഗസ്റ്റ് 24-ന് അധികൃതർ വ്യക്തമാക്കിയിരുന്നു.