ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ഡിസംബർ 31 വരെ നീട്ടി

GCC News

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2020 ഡിസംബർ 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ ഒപ്പുവെച്ച ഈ കരാർ പ്രകാരം, ഓഗസ്റ്റ് 18 മുതൽ ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തിവരുന്നുണ്ട്.

ഈ കരാറാണ് ഇപ്പോൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ കൂടിയാലോചിച്ച് ഈ വർഷം അവസാനം വരെ തുടരാൻ തീരുമാനിച്ചതായി എംബസി വ്യക്തമാക്കിയത്. ഒക്ടോബർ 2നാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഖത്തറിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയത്. ഇതോടെ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും, തിരികെയും ഡിസംബർ 31 വരെ സർവീസുകൾ നടത്തുന്നതാണ്. നേരത്തെ ഒക്ടോബർ 31 വരെയായിരുന്നു ഈ കരാറിന്റെ കാലാവധി.

ഇത്തരം വിമാനസർവീസുകളിൽ യാത്രചെയ്യാൻ അനുവാദമുള്ളവരെ സംബന്ധിച്ച് അധികൃതർ നേരത്തെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടായിരുന്നു. ഖത്തർ പൗരന്മാർ, ഖത്തറിൽ നിന്നുള്ള സാധുത വിസയുള്ള ഇന്ത്യൻ പൗരന്മാർ (പ്രത്യേക എൻട്രി പെർമിറ്റുകൾ നിർബന്ധം, ട്രാൻസിറ്റ് യാത്രകൾ അനുവദനീയമല്ല) എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്രാനുമതി ഉള്ളത്. ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ, ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ഖത്തർ പൗരന്മാർ (നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ) എന്നിവർക്ക് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.