സൗദി: നിതാഖത്ത് പ്രകാരം സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനം 4000 റിയാലിലേക്ക് ഉയർത്തി

GCC News

സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രജ്‌ഹി അറിയിച്ചു. ഈ തീരുമാനപ്രകാരം സ്ഥാപനങ്ങളിൽ നിതാഖത്ത് പദ്ധതി പ്രകാരം നിയോഗിച്ചിട്ടുള്ള സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനം 4000 റിയാലിലേക്ക് ഉയരുന്നതാണ്.

നേരത്തെ ഇത്തരം ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനം 3000 റിയാൽ ആയിരുന്നു. നവംബർ 18, ബുധനാഴ്ച്ചയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈ പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ നിതാഖത്ത് പദ്ധതി പ്രകാരം സ്ഥാപനങ്ങളിൽ സൗദി പൗരന്മാരായ ജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്തുന്ന മാനദണ്ഡങ്ങളിലും മാറ്റം വരുന്നതാണ്. ഈ ഉത്തരവ് പ്രകാരം ഒരു സ്ഥാപനത്തിൽ 4000 റിയാൽ ഏറ്റവും കുറഞ്ഞ മാസവേതനം പറ്റുന്ന ഓരോ സൗദി ജീവനക്കാരെയും നിതാഖത്ത് പദ്ധതിയിൽ വരുന്ന ഒരു തൊഴിലാളിയായി കണക്കാക്കുന്നതാണ്.

നേരത്തെ നിതാഖത്ത് പദ്ധതിയിൽ സൗദി ജീവനക്കാരുടെ കണക്കെടുക്കുന്നതിന് 3000 റിയാൽ വേതനമുള്ളവരെ ഒരു തൊഴിലാളി എന്ന രീതിയിലാണ് കണക്കാക്കിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം 3000 റിയാൽ ഏറ്റവും കുറഞ്ഞ മാസവേതനം പറ്റുന്ന ഓരോ സൗദി ജീവനക്കാരെയും കണക്കുകളിൽ അര അല്ലെങ്കിൽ പകുതി തൊഴിലാളി എന്ന രീതിയിലാണ് കണക്കാക്കുക. ഇത്തരം രണ്ട് ജീവനക്കാരെ ഒരു തൊഴിലാളി എന്ന് കണക്കാക്കുന്നതാണ്. 3000 റിയാൽ ഏറ്റവും കുറഞ്ഞ മാസവേതനം പറ്റുന്ന സൗദി പൗരന്മാരായ പാർട്ട്-ടൈം ജീവനക്കാരെയും അര തൊഴിലാളി എന്ന രീതിയിലാണ് കണക്കാക്കുക എന്നും മന്ത്രാലയം വ്യക്തമാക്കി.