ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനം

Oman

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. ഡിസംബർ 3, വ്യാഴാഴ്ച്ചയാണ് എൻവിറോണ്മെന്റ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

നവംബർ 1 മുതൽ ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവ് സഞ്ചാരികൾക്കായി തുടർന്ന് കൊടുക്കുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നെങ്കിലും, ദ്വീപിലേക്ക് വരുന്ന സഞ്ചാരികൾക്ക് ബോട്ടുകളിൽ നിന്ന് ദ്വീപിൽ ഇറങ്ങുന്നതിനുള്ള അനുവാദം നൽകിയിരുന്നില്ല. രാജ്യത്തെ ബീച്ചുകൾ ഉപയോഗിക്കുന്നതിന് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നിലനിൽക്കുന്നതിനാലാണ് ദമാനിയാത്ത് ഐലൻഡിലെ ബീച്ചിലേക്ക് സഞ്ചാരികളെ അനുവദിക്കാത്തതെന്നു അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

എന്നാൽ രാജ്യത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 1 മുതൽ ബീച്ചുകളിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ സുപ്രീം കമ്മിറ്റി പിൻവലിച്ചതായി അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ എൻവിറോണ്മെന്റ് അതോറിറ്റി തീരുമാനിച്ചത്.

സന്ദർശകർക്ക് https://www.meca.gov.om/en എന്ന വിലാസത്തിൽ നിന്ന് ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾക്കായി ഓൺലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാൻ എൻവിറോണ്മെന്റ് അതോറിറ്റി സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Cover Image: Wusel007