ജി സി സി ഉച്ചകോടി 2021 ജനുവരി 5-ന്; സൗദി അറേബ്യ വേദിയാകുമെന്ന് സൂചന

GCC News

ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി 2021 ജനുവരി 5-ന് സൗദിയിലെ റിയാദിൽ വെച്ച് നടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഈ വാർത്ത നൽകിയിട്ടുള്ളത്.

ഇത്തവണത്തെ ഉച്ചകോടി റിമോട്ട് സംവിധാനങ്ങളിലൂടെയല്ലെന്നും, പ്രതിനിധികൾ സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കുമെന്നുമാണ് നയതന്ത്ര ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 2017 മുതൽ GCC അംഗരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഖത്തറുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനുള്ള കൂടിയാലോചനകൾ ഈ ഉച്ചകോടിയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൾഫ് രാജ്യങ്ങൾക്കിടയിലെ അനുരഞ്‌ജന സാധ്യതകൾ വിലയിരുത്തുന്നതിനുള്ള കാര്യപരിപാടികളായിരിക്കും ഈ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളിലൊന്നെന്നാണ് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന സൂചന. സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഗൾഫ് കോഓപ്പറേഷൻ കൗൺസിലിലെ അംഗരാജ്യങ്ങൾ.