ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തിന് അകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തുവിട്ടു. ഡിസംബർ 14-നാണ് ഒമാൻ എയർപോർട്ട്സ് ഈ നിർദ്ദേശങ്ങൾ അറിയിച്ചത്.
https://www.omanairports.co.om/news/update-on-travel-restrictions-related-to-covid-19/ എന്ന വിലാസത്തിൽ ഈ യാത്രാ നിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപായി ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ യാത്രികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമാനിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് സഞ്ചരിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം ഒമാനിലേക്ക് യാത്രകളുമായി ബന്ധപ്പെട്ട് ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള നിർദ്ദേശങ്ങൾ ഇവയാണ്:
- ഒമാനിലേക്കുള്ള യാത്രയ്ക്ക് മുൻപായി COVID-19 PCR ടെസ്റ്റ് നിർബന്ധമല്ല.
- ജി സി സി പൗരന്മാർ, സാധുതയുള്ള റെസിഡൻസി പെർമിറ്റുകൾ ഉള്ളവർ, സാധുതയുള്ള ഒമാൻ വിസകളിലുള്ളവർ എന്നീ വിഭാഗക്കാർക്ക് മുൻകൂർ അനുവാദമില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാവുന്നതാണ്.
- ഒമാനിലെത്തുന്ന മുഴുവൻ യാത്രികർക്കും COVID-19 ചികിത്സാ പരിരക്ഷയുള്ള, ഒമാനിൽ ചുരുങ്ങിയത് ഒരു മാസത്തെ സാധുതയുള്ള അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
- മുഴുവൻ യാത്രികർക്കും ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ച് COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.
- https://covid19.emushrif.om എന്ന വിലാസത്തിലൂടെ യാത്രികർ ഈ COVID-19 PCR ടെസ്റ്റ് മുൻക്കൂറായി ബുക്ക് ചെയ്യേണ്ടതാണ്.
- ഈ PCR ടെസ്റ്റിന് ഈടാക്കുന്ന 25 റിയാലിൽ 7 ദിവസത്തിൽ കൂടുതൽ ഒമാനിൽ തുടരുന്നവർക്കുള്ള കൈയിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണത്തിന്റെ ചെലവും ഉൾപ്പെടുത്തിയിട്ടുണ്ട്.
- വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന PCR ടെസ്റ്റിന്റെ റിസൾട്ട് 24 മണിക്കൂറിനകം ലഭിക്കുന്നതാണ്. ഈ റിസൾട്ട് ഡിജിറ്റലായി https://covid19.emushrif.om എന്ന വിലാസത്തിൽ നിന്ന് ലഭ്യമാക്കുന്നതാണ്.
- വിമാനത്താവളത്തിൽ വെച്ചുള്ള PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന യാത്രികർ, ഒമാനിലെത്തിയ തീയ്യതി മുതൽ 7 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർ എട്ടാം നാൾ മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. എട്ടാം ദിനത്തിലുള്ള ടെസ്റ്റിന് വിധേയനാകാൻ താത്പര്യമില്ലാത്തവർ ഒമാനിലെത്തിയ തീയ്യതി മുതൽ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കേണ്ടതാണ്.
- 15 വയസ്സിൽ താഴെ പ്രായമായുള്ള കുട്ടികൾക്ക് PCR പരിശോധന, കയ്യിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥർ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പരിരക്ഷയുള്ള സന്ദർശകർ എന്നീ വിഭാഗങ്ങൾക്കും ഈ ഇളവുകൾ ലഭിക്കുന്നതാണ്.
ഒമാനിലെ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
- ഒമാൻ പൗരന്മാർ, റെസിഡൻസി വിസകളിലുള്ളവർ എന്നിവർക്ക് മുൻകൂർ അനുമതികൂടാതെ വിദേശത്തേക്ക് യാത്ര ചെയ്യാവുന്നതാണ്.
- ഒമാൻ പൗരന്മാർക്ക് സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന വിദേശ രാജ്യത്ത് സാധുതയുള്ള ഇൻഷുറൻസ് നിർബന്ധമാണ്.
- ചെക്കിൻ ചെയ്യുന്നതിനായി യാത്രികർ കഴിയുന്നതും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- യാത്രികർ വിമാനം യാത്ര പുറപ്പെടുന്ന സമയത്തിന് ചുരുങ്ങിയത് 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തേണ്ടതാണ്.
- കൊറോണ വൈറസ് രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ യാത്രകൾ ഒഴിവാക്കേണ്ടതാണ്.
- വിമാനത്താവളത്തിൽ യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. 38 ഡിഗ്രിയിൽ കൂടുതൽ ശരീരോഷമാവ് പ്രകടമാക്കുന്നവർക്ക് COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.
- യാത്രികർക്ക് ആവശ്യമെങ്കിൽ വിമാനത്താവളത്തിലെ ഡ്രൈവ്-ഇൻ/ വാക്-ഇൻ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ഈ ടെസ്റ്റ് നടത്താവുന്നതാണ്. മസ്കറ്റ് വിമാനത്താവളത്തിൽ P5 പാർക്കിങ്ങിലും, സലാല വിമാനത്താവളത്തിലെ കാർഗോ ടെർമിനലിലുമാണ് ഈ പരിശോധനാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. 19 റിയാലാണ് ഈ പരിശോധനകൾക്ക് ഈടാക്കുന്നത്. റിസൾട്ട് 24 മണിക്കൂറിനകം ലഭിക്കുന്നതാണ്. ഈ റിസൾട്ട് ഡിജിറ്റലായി https://covid19.emushrif.om എന്ന വിലാസത്തിൽ നിന്ന് ലഭ്യമാക്കുന്നതാണ്.
ഒമാൻ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികർക്കുള്ള പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ:
- സാധുതയുള്ള യാത്രാ ടിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് ടെർമിനലിലേക്ക് പ്രവേശനം നൽകുന്നത്.
- പനി, ചുമ മുതലായ രോഗലക്ഷണങ്ങളോടെ യാത്ര ചെയ്യരുത്.
- യാത്രികർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കണം. മാസ്കുകൾ ഓരോ 4 മണിക്കൂറിലും മാറ്റേണ്ടതാണ്.
- മുഴുവൻ സമയവും 1.5 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- ചെക്ക്-ഇൻ ചെയ്യുന്ന സമയത്തും, സെക്യൂരിറ്റി ചെക്ക്പോയിന്റിലും ഫോൺ, മറ്റു ഉപകരണങ്ങൾ എന്നിവ കൈയിൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
- മറ്റുള്ളവരുമായി അനാവശ്യമായ എല്ലാ സമ്പർക്കവും ഒഴിവാക്കേണ്ടതാണ്.
- യാത്രികരെ യാത്ര അയക്കുന്നതിനും, സ്വീകരിക്കുന്നതിനും വരുന്നവർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ശാരീരിക വിഷമതകൾ മൂലം സഹായം വേണ്ട യാത്രികർക്ക് മാത്രമാണ് ഈ കാര്യത്തിൽ ഇളവ് അനുവദിക്കുന്നത്.
Cover Photo: Oman Airports.