നയതന്ത്ര ഉദ്യോഗസ്ഥർ ചമഞ്ഞുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി

GCC News

നയതന്ത്ര ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തി, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കോളുകളെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സമൂഹത്തിന് മുന്നറിയിപ്പ് നൽകി. ഡിസംബർ 14-നാണ് ഖത്തറിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് അജ്ഞാതരായവരിൽ നിന്നുള്ള വ്യാജ ഫോൺ കോളുകൾ ഖത്തറിലെ ഏതാനം ഇന്ത്യക്കാർക്ക് ലഭിച്ച വിവരം ശ്രദ്ധയിൽപ്പെട്ടതായി എംബസി അറിയിപ്പിൽ വ്യക്തമാക്കുന്നു. 66596681 എന്ന ഇന്ത്യൻ എംബസിയുടെ മൊബൈൽ നമ്പറിൽ നിന്നെന്ന രീതിയിലാണ് ഈ വ്യാജ ഫോൺ കാളുകൾ വരുന്നതെന്നും എംബസി അറിയിച്ചു.

ഇത്തരം വ്യാജ ഫോൺ കോളുകളെ കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഫോൺ കോളുകളിലൂടെ സ്വകാര്യ വിവരങ്ങൾ, പാസ്സ്‌പോർട്ട് വിവരങ്ങൾ, ബാങ്ക് സംബന്ധമായ വിവരങ്ങൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ മുതലായവയൊന്നും പങ്ക് വെക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ടെലിഫോൺ കോളുകൾ ലഭിക്കുന്നവർ കോൾ വന്ന നമ്പർ, തീയ്യതി, സമയം, ഏതു നമ്പറിലേക്കാണോ ഫോൺ വിളി വന്നത്, കോളിലൂടെ ആവശ്യപ്പെട്ട വിവരങ്ങൾ എന്നിവ ഉടൻ തന്നെ counsellor.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിലൂടെ എംബസിയുമായി പങ്ക് വെക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *