50 ജീവനക്കാരിൽ കൂടുതൽ പേർ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഒരു ഒമാനി സൂപ്പർവൈസർ പദവി നിർബന്ധമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥാപനത്തിലെ തൊഴില്‍പരമായ സുരക്ഷ, ആരോഗ്യ സംബന്ധമായ സുരക്ഷ എന്നിവ ഉറപ്പാക്കുന്ന ചുമതലകളാണ് ഈ പദവിയിലുള്ള ജീവനക്കാർ നിർവഹിക്കുക.
ഈ തീരുമാനം നടപ്പിലാക്കുന്നതിനായി, രാജ്യത്തെ തൊഴിൽ നിയമങ്ങളിലെ തൊഴില്‍പരമായ സുരക്ഷ, ആരോഗ്യ സംബന്ധമായ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് ബിൻ സൈദ് ബഒവൈൻ ആവശ്യമായ ഭേദഗതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരം, രാജ്യത്തെ 50 ജീവനക്കാരിൽ കൂടുതൽ പേർ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും തൊഴില്‍പരമായ സുരക്ഷ, ആരോഗ്യ സംബന്ധമായ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയ ഒരു ഒമാനി സൂപ്പർവൈസറെ നിർബന്ധമായും നിയമിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇവർക്ക് ആവശ്യമായ പരിശീലനം അതാത് സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ടതായ തൊഴില്‍പരമായതും, ആരോഗ്യ സംബന്ധമായതുമായ സുരക്ഷാ നയങ്ങൾക്ക് രൂപം നൽകുന്നത് ഇവരുടെ ചുമതലയായിരിക്കും. സ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജീവനക്കാർക്കിടയിൽ പരിശീലന പരിപാടികൾ നടപ്പിലാക്കുക, സ്ഥാപനങ്ങളിലും തൊഴിലാളികളുടെ താമസയിടങ്ങളിലും കൃത്യമായ പരിശോധനകൾ നടപ്പിലാക്കുക എന്നീ കാര്യങ്ങളും ഇവർ നിർവഹിക്കേണ്ടതാണ്.
ജീവനക്കാർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ, പ്രാഥമിക ചികിത്‌സകൾ എന്നിവ ഉറപ്പാക്കുക, ജീവനക്കാർക്ക് അപകടങ്ങൾ സംഭവിക്കുന്ന അവസരത്തിൽ ആശുപത്രികളിലേക്കുള്ള യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുക, സ്ഥാപനങ്ങളിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കുക, സുരക്ഷ സംബന്ധിച്ച അറിയിപ്പുകൾ, നിർദ്ദേശങ്ങൾ മുതലായവ ജീവനക്കാരിലേക്ക് എത്തിക്കുക മുതലായ ചുമതലകളും ഈ പദവിയിയുടെ ഭാഗമായി നിറവേറ്റേണ്ടതാണ്.