എമിറേറ്റിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജനുവരി 17 മുതൽ മൂന്നാഴ്ച്ചത്തേക്ക് കൂടി വിദൂര പഠന സമ്പ്രദായത്തിലൂടെയുള്ള അദ്ധ്യയനം തുടരാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. എല്ലാ ക്ളാസുകളിലെ വിദ്യാർത്ഥികൾക്കും ഈ തീരുമാനം ബാധകമായിരിക്കും.
ജനുവരി 16, ശനിയാഴ്ച്ച രാവിലെയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. COVID-19 വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് കമ്മിറ്റി വ്യക്തമാക്കി.
എമിറേറ്റിലെ വിദ്യാലയങ്ങളിൽ 2021 ജനുവരി 3 മുതൽ ആരംഭിച്ചിരുന്ന പുതിയ അധ്യയന കാലത്തിൽ, ആദ്യ രണ്ടാഴ്ച്ച വിദൂര രീതിയിലുള്ള പഠനമാണ് നടപ്പിലാക്കിയിരുന്നത്. എമിറേറ്റിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും ഇത് ബാധകമായിരുന്നു. ഈ തീരുമാനപ്രകാരം ജനുവരി 17 മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കാനിരിക്കെയാണ് കമ്മിറ്റി മൂന്നാഴ്ച്ചത്തേക്ക് കൂടി വിദൂര പഠന സമ്പ്രദായത്തിലൂടെയുള്ള അദ്ധ്യയനം തുടരാൻ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്.
രക്ഷിതാക്കൾ, അധ്യാപകർ ഉൾപ്പടെയുള്ള സ്കൂൾ ജീവനക്കാർ എന്നിവരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. പൊതുസമൂഹത്തിന്റെ ആകെ സുരക്ഷയ്ക്ക് വാക്സിനേഷൻ സഹായകമാകുമെന്ന് കമ്മിറ്റി വ്യക്തമാക്കി.
അതേസമയം, യു എ ഇയിലെ പൊതു വിദ്യാലയങ്ങളിലെ ഗ്രേഡ് 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദൂര സമ്പ്രദായത്തിലുള്ള പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.