സൗദി അറേബ്യ: COVID-19 നിയമ ലംഘനങ്ങൾ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി

featured GCC News

വാണിജ്യ സ്ഥാപനങ്ങളിലും മറ്റും കണ്ടെത്തുന്ന COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളുടെയും, സുരക്ഷാ നിർദ്ദേശങ്ങളുടെയും ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ സൗദി അറേബ്യ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. പൊതു സമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി, വാണിജ്യ മേഖലയിൽ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനകൾ രാജ്യത്ത് ശക്തമായി തുടരുന്നതിനിടെയാണ്, ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അധികൃതരുമായി പങ്കിടാൻ പൊതുജനങ്ങളോട് സൗദി ആവശ്യപ്പെട്ടത്.

മിനിസ്ട്രി ഓഫ് മുൻസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങിന് കീഴിലുള്ള പ്രത്യേക പരിശോധനാ സംഘങ്ങൾ രാജ്യത്തുടനീളമുള്ള വാണിജ്യ, വ്യാപാര സ്ഥാപങ്ങളിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. പ്രതിരോധ നിർദ്ദേശങ്ങളിലും, സുരക്ഷാ മാനദണ്ഡങ്ങളിലും കണ്ടെത്തുന്ന ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം കേന്ദ്രങ്ങളിൽ കണ്ടെത്തുന്ന മാസ്കുകളുടെയും, കയ്യുറകളുടെയും ഉപയോഗത്തിൽ വരുത്തുന്ന വീഴ്ച്ചകൾക്ക് പുറമെ, പൊതു ശുചിത്വവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, സാനിറ്റൈസർ, അണുനാശിനികൾ എന്നിവ ഒരുക്കുന്നതിലെ വീഴ്ച്ചകൾ മുതലായവയ്ക്കെതിരെയും നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പൊതു സമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവരും ഒത്ത് ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. 940 എന്ന നമ്പറിലൂടെ തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ലംഘനങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

Cover Photo: Saudi Press Agency.