രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിപ്പ് നൽകി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തൊഴിലിടങ്ങളിൽ റിമോട്ട് വർക്കിംഗ് രീതികൾ പരമാവധി ഉപയോഗപ്പെടുത്താനും, മീറ്റിംഗുകൾക്കായി വിർച്യുൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും മന്ത്രാലയം ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഫെബ്രുവരി 7-നാണ് HRSD ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. തൊഴിലിടങ്ങളിലെ തിരക്കൊഴിവാക്കുന്നതിനായി ജീവനക്കാർക്ക് തിരഞ്ഞെടുക്കാവുന്ന സമയക്രമത്തിൽ തൊഴിൽ ചെയ്യുന്ന സമ്പ്രദായം ഉപയോഗപ്പെടുത്താനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. ജീവനക്കാരുടെയും, ഓഫീസുകളിലെത്തുന്ന സന്ദർശകരുടെയും, പൊതു സമൂഹത്തിന്റെയും സുരക്ഷയ്ക്കായി ഇത് പ്രധാനമാണെന്നും മന്ത്രലയം ഓർമ്മപ്പെടുത്തി.
തൊഴിലിടങ്ങളിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് HRSD നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:
- ചർച്ചകൾ, യോഗങ്ങൾ എന്നിവയ്ക്ക് കഴിയുന്നതും ഡിജിറ്റൽ രീതികൾ ഉപയോഗപ്പെടുത്തണം.
- റിമോട്ട് വർക്കിംഗ് സമ്പ്രദായം പരമാവധി പ്രയോജനപ്പെടുത്തണം.
- ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിനായി കഴിയുന്നതും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- ഒത്ത് ചേരലുകൾ ഒഴിവാക്കേണ്ടതാണ്. സമൂഹ അകലം ഉറപ്പാക്കണം.
- ജീവനക്കാർക്കിടയിൽ മാസ്കുകളുടെ ഉപയോഗം ഉറപ്പാക്കണം.
- ഹസ്തദാനം ഒഴിവാക്കണം.
- തൊഴിലിടങ്ങളിലെ സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പാക്കണം.