സൗദി: റെസ്റ്ററന്റുകൾ, മാളുകൾ തുടങ്ങി കൂടുതൽ മേഖലകളിൽ HRSD മന്ത്രാലയം സ്വകാര്യവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നു

featured GCC News

രാജ്യത്തെ വിവിധ മേഖലകളിൽ താമസിയാതെ കൂടുതൽ സ്വകാര്യവത്കരണം നടപ്പിലാക്കാക്കുന്നതിനായുള്ള തീരുമാനം കൈക്കൊണ്ടതായി സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രജ്‍ഹി വ്യക്തമാക്കി. നാഷണൽ കമ്മിറ്റി ഫോർ കോൺട്രാക്ടേഴ്‌സ്, നാഷണൽ കമ്മിറ്റി ഫോർ കൺസൾട്ടിങ്ങ് പ്രൊഫെഷൻസ് എന്നിവരുമായി ഫെബ്രുവരി 18-ന് നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ എല്ലാ മേഖലകളെയും, മുഴുവൻ പ്രവർത്തനങ്ങളെയും സ്വകാര്യവത്കരണ നടപടികൾക്കായി ലക്‌ഷ്യം വെക്കുന്നതായി അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. വരും ദിനങ്ങളിൽ, സൗദിയിലെ റെസ്റ്ററന്റുകൾ, കഫേകൾ, മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങിയ മേഖലകളിലെ തൊഴിലുകളിൽ സ്വകാര്യവത്കരണം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ മേഖലകളിലേക്ക് ഈ നടപടികൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം സൂചന നൽകി. നിയമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകൾ, വിദ്യാഭ്യാസ മേഖല തുടങ്ങിയവയിലും സ്വകാര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.