ഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ രാജ്യത്ത് പ്രവേശിക്കുന്നതിന് ഹാജരാക്കുന്ന PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത ലാബുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുന്ന പദ്ധതി 2021 മാർച്ച് 25 മുതൽ ആരംഭിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി. രാജ്യത്തേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾക്ക് കുവൈറ്റ് DGCA വൈസ് പ്രസിഡന്റ് എൻജിനീയർ സലേഹ് അൽ ഫദഖി നൽകിയ ഈ അറിയിപ്പ് പ്രകാരം PCR സർട്ടിഫിക്കറ്റുകളുടെ ആധികാരിത ഉറപ്പുവരുത്തുന്നതിനുള്ള മെഡിക്കൽ യൂട്ടിലിറ്റി നെറ്റ്‌വർക്ക് അക്രഡിറ്റർ (MUNA) പദ്ധതി മാർച്ച് 25 മുതൽ ആരംഭിക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 16-നാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത് പ്രകാരം, ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, മാർച്ച് 25 മുതൽ താഴെ പറയുന്ന 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ ഹാജരാക്കുന്ന PCR സർട്ടിഫിക്കറ്റുകൾ അംഗീകൃത ലാബുകളിൽ നിന്നുള്ളവയാണെന്ന് ഉറപ്പാക്കുന്നതിനായി MUNA പദ്ധതിയുമായി ബന്ധിപ്പിക്കുന്നതാണ്.
- ബഹ്‌റൈൻ
- യു എ ഇ
- തുർക്കി
- ഇന്ത്യ
- ഫിലിപ്പീൻസ്
- ബംഗ്ലാദേശ്
- ശ്രീലങ്ക
- നേപ്പാൾ
ഈ രാജ്യങ്ങളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റുകൾ MUNA പദ്ധതിയിലൂടെ പരിശോധിക്കുന്നതിലൂടെ ഇത്തരം ടെസ്റ്റ് റിസൾട്ടുകൾ കുവൈറ്റ് അംഗീകരിച്ചിട്ടുള്ളതും, കുവൈറ്റ് മുസാഫിർ പ്ലാറ്റ്ഫോമിൽ അറിയിച്ചിട്ടുള്ളതുമായ അംഗീകൃത ലാബുകളിൽ നിന്നുള്ള രേഖകളാണെന്ന് ഉറപ്പ് വരുത്താൻ അധികൃതർക്ക് കഴിയുന്നതാണ്. ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് 72 മണിക്കൂറിനുള്ളിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്ത യാത്രികർക്ക് യാത്ര സേവനങ്ങൾ നൽകരുതെന്ന് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികളോട് DGCA ഉത്തരവിട്ടിട്ടുണ്ട്.
ഇതിന് പുറമെ പനി, ചുമ, തുമ്മൽ മുതലായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകരുതെന്നും DGCA ആവശ്യപ്പെട്ടിട്ടുണ്ട്. 2021 മാർച്ച് 25 00:01 AM മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും DGCA വ്യക്തമാക്കിയിട്ടുണ്ട്.