ഒമാൻ: യാത്രികരെ എയർപോർട്ടിലെത്തിക്കാനും, എയർപോർട്ടിൽ നിന്ന് കൊണ്ട് വരുന്നതിനും പോകുന്നവർക്ക് കർഫ്യു വേളയിൽ സഞ്ചരിക്കാം

Oman

മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ വിമാനത്താവളങ്ങളിലേക്ക് വ്യോമയാത്രികരുമായി സഞ്ചരിക്കുന്നവർക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യാത്രികരെ എയർപോർട്ടിലെത്തിക്കാനും, എയർപോർട്ടിൽ നിന്ന് യാത്രികരെ കൊണ്ട് വരുന്നതിനുമായി സഞ്ചരിക്കുന്നവർക്ക്, വിമാനടിക്കറ്റിന്റെ കോപ്പി ഹാജരാക്കുന്ന പക്ഷം, കർഫ്യു വേളയിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്ന് ROP പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി അറിയിച്ചിട്ടുണ്ട്. ഒമാൻ ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വ്യോമയാത്രികരെ വിമാനത്താവളത്തിലേക്കെത്തിക്കാനും, വിമാനത്താവളങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുമായി യാത്ര ചെയ്യുന്നവർ, വിമാനടിക്കറ്റിന്റെ കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ ഒരാൾക്ക് മാത്രമാണ് കർഫ്യു വേളയിൽ വ്യോമയാത്രികർക്കൊപ്പം യാത്ര ചെയ്യാൻ അനുമതി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ഗവർണറേറ്റുകൾക്കിടയിൽ ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി മാർച്ച് 25-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം ദിനവും രാത്രി 8 മുതൽ രാവിലെ 5 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.