സൗദി: മാളുകളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം; ലക്ഷ്യമിടുന്നത് സ്വദേശികൾക്ക് 51000 പുതിയ തൊഴിൽ അവസരങ്ങൾ

Saudi Arabia

രാജ്യത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെ ഭൂരിഭാഗം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി എഞ്ചിനീയർ ആഹ്മെദ് അൽ രജ്‌ഹി അറിയിച്ചു. ഈ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഭരണപരമായ തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 7-ന് പുറത്തിറക്കിയ ഈ തീരുമാനങ്ങളിലൂടെ സൗദി പൗരന്മാർക്ക് 51000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന തീരുമാനങ്ങളാണ് സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

  • മാളുകളിലെ ഏതാനം തൊഴിലുകൾ ഒഴികെ, ഭൂരിഭാഗം തൊഴിലുകളും, പദവികളും സൗദി പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തും. മാൾ മാനേജ്‌മന്റ് ഓഫീസുകളിലെ പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.
  • റെസ്റ്ററന്റുകൾ, കഫേകൾ മുതലായവയുടെ വില്പനകേന്ദ്രങ്ങളിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. മാളുകളിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾ, കഫേകൾ മുതലായവയിലെ സ്വദേശിവത്കരണത്തിന്റെ തോത് 40 മുതൽ 50 ശതമാനം വരെയാക്കി ഉയർത്തുന്നതാണ്. കഫേ മാനേജർ, റെസ്റ്ററന്റ് മാനേജർ, അസിസ്റ്റന്റ് കൊമേർഷ്യൽ മാനേജർ, റീറ്റെയ്ൽ സൂപ്പർവൈസർ, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ സർവീസ് മാനേജർ മുതലായ തസ്തികകൾ സൗദി പൗരമാർക്ക് മാത്രമായി നിജപ്പെടുത്തുന്നതാണ്.
  • ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട മൊത്ത വിതരണ മാർക്കറ്റുകളിലെ വില്പനകേന്ദ്രങ്ങളിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഈ തീരുമാനങ്ങൾ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴ്ച്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.